മട്ടന്നൂർ: ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി കെ.എസ്.യു നടത്തിയ പദയാത്രയോടനുബന്ധിച്ച് സംഘർഷം. സി.പി.എമ്മിന്റെ ക്ലബ്ബുകൾ കല്ലെറിഞ്ഞ് തകർക്കുകയും കെ.എസ്.യു പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. പാലയോട് നിന്നും സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് കെ.എസ്.യു ആരോപണം. രണ്ട് പ്രവർത്തകരെ എളമ്പാറയിൽ തടഞ്ഞുവെച്ചെന്ന ആരോപണത്തെ തുടർന്ന് സംഘർഷാവസ്ഥയായി. മട്ടന്നൂർ സി.ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ലാത്തി വീശി ഇരുവിഭാഗം പ്രവർത്തകരെയും ഓടിച്ചാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പദയാത്ര. എടയന്നൂരിൽ നിന്ന് ആരംഭിച്ച പ്രകടനം മട്ടന്നൂരിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അദ്ധ്യക്ഷത വഹിച്ചു. വി.പി അബ്ദുൾ റഷീദ്, ജഷീർ പളളിവയൽ, റിജിൽ മാക്കുറ്റി, ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എന്നിവർ സംസാരിച്ചു. അതേസമയം പദയാത്രക്കിടെ തങ്ങളുടെ പാർട്ടി ഓഫീസുകൾക്ക് നേരെ കല്ലെറിഞ്ഞതായി സി.പി.എം ആരോപിച്ചു. എളമ്പാറ എ.കെ.ജി. സ്മാരക ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബ്, തെരൂർ പാലയോട് റെഡ് സ്റ്റാർ ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കല്ലേറിൽ ഓഫീസുകളുടെ ജനൽ ചില്ലുകൾ തകർന്നു.