കണ്ണൂർ: രാജ്യത്തു വ്യാപകമായ അസഹിഷ്ണുതയുടെ ഭീകരതയിൽ നിന്നും മാദ്ധ്യമപ്രവർത്തകർക്കും ഒഴിഞ്ഞുനില്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കണ്ണൂർ പ്രസ് ക്ളബ്ബിന്റെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യധാരാ മാധ്യമങ്ങൾ പൊതുവിൽ അനീതിക്കും അധർമ്മത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നു പിന്നോട്ടു പോവുകയാണ്. ജനങ്ങളുടെ സ്വീകാര്യത ഉറപ്പിക്കാൻ ബദൽമാർഗങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ തേടുന്നതും സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാക്കാനാകും.കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഗ്ലോബൽ പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളുണ്ട്. ഇതിൽ 140 ാം സ്ഥാനത്തു മാത്രമാണു നമ്മൾ. പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എത്രപിന്നിലാണ് നാം എന്നതിന് അടിവരയിടുന്ന വസ്തുതയാണ്. മതനിരപേക്ഷവും ജനാധിപത്യവും സ്വതന്ത്രവുമായ ഒരു സമൂഹം നിലനിന്നാൽ മാത്രമേ ശരിയായ പത്രപ്രവർത്തനത്തിനുള്ള അവസരമുണ്ടാകൂവെന്ന് തിരിച്ചറിയുന്നുണ്ടെങ്കിൽ ഈ രംഗത്തു നിസംഗത പാലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ പ്രസ്‌ക്ലബ്ബ് സുവർണജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണൻ, എംപിമാരായ കെ.സുധാകരൻ, കെ.കെ.രാഗേഷ്, എംഎൽഎമാരായ സണ്ണിജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കേരള പത്രപ്രവർത്തക യൂണിയൻ കെ.പി.റെജി, ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് ആമുഖ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു. ജില്ലാ കളക്ടർ ടി.വി.സുഭാഷ് നയിച്ച ഗസൽ സന്ധ്യയും നടന്നു.