അച്ചാംതുരുത്തി(കാസർകോട്): രാഷ്ട്രീയക്കാർ ചേരിതിരിഞ്ഞാൽ വികസനം നിലയ്ക്കുമെന്നാണ് ചൊല്ല്. എന്നാൽ അച്ചാംതുരുത്തിക്കാർ പതിവുകൾ തിരുത്തിയെഴുതുകയാണ്. വിവാദങ്ങളും സംഘർഷവുമെല്ലാം വികസനത്തിന് മുതൽക്കൂട്ടായതിന്റെ ആഹ്ലാദത്തിലാണ് ഈ ഗ്രാമം. പുഴ കടക്കാൻ കടത്തുതോണികൾ മാത്രമുണ്ടായിരുന്ന നാട്ടുകാർക്ക് വിവാദങ്ങളെ തുടർന്ന് കിട്ടിയത് മൂന്ന് പാലങ്ങളാണ്.
തുരുത്തിയിൽ നിന്ന് അച്ചാംതുരുത്തിയിലെത്താൻ എരിഞ്ഞിക്കീൽ പാലമാണ് ആദ്യം പണിതത്. പിന്നാലെ നീലേശ്വരം- കോട്ടപ്പുറം പാലം വന്നു. ഇപ്പോൾ ആറിൽക്കടവ് പാലം പണി തുടങ്ങിയിരിക്കുകയാണ്. നാല് സ്പാനുകളുള്ള പാലം ഒരുവർഷം കൊണ്ട് പൂർത്തിയാകും. ഇതോടെ അച്ചാംതുരുത്തിക്കാർക്ക് എരിഞ്ഞിക്കീൽ പാലം കടക്കാതെ മടക്കര വഴി എളുപ്പത്തിൽ ചെറുവത്തൂരെത്താം.
പാലത്തെ ചൊല്ലി കോൺഗ്രസും സി.പി.എമ്മും ഏറെക്കാലം സംഘർഷത്തിലായിരുന്നു. കേസ് ഹൈക്കോടതി വരെയെത്തി. ഇതിനൊടുവിലാണ് പാലം യാഥാർത്ഥ്യമാകുന്നത്. ആറു മാസം മുൻപ് പാലം പണി ആരംഭിച്ചെങ്കിലും തറക്കല്ലിടാതെ തുടങ്ങിയതിൽ സി.പി.എമ്മിനകത്ത് അമർഷമുണ്ട്. തങ്ങളുടെ വിജയം ആഘോഷിക്കാൻ കഴിയാത്തതാണ് അണികളുടെ പ്രശ്നം.
രാഷ്ട്രീയ വിവാദം ഇങ്ങനെ
എരിഞ്ഞിക്കീൽ പാലത്തിനായി സി.പി.എമ്മും ആറിൽക്കടവ് പാലത്തിനായി കോൺഗ്രസും നിലയുറപ്പിച്ചതോടെയാണ് വിവാദം തുടങ്ങിയത്. 1980 ലാണ് എരിഞ്ഞിക്കീൽ പാലം പണി തുടങ്ങിയത്. ഇ.കെ നായനാർ മുഖ്യമന്ത്രി ആയപ്പോൾ പാലത്തിന് തറക്കല്ലിട്ടു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ ആറിൽക്കടവ് പാലം കൊണ്ടുവരാൻ കോൺഗ്രസ് ഭൂമിപൂജയും നടത്തി. മന്ത്രി ആര്യാടൻ മുഹമ്മദിനെ കൊണ്ട് തറക്കല്ലിടാൻ നീക്കം നടത്തി, പക്ഷേ നടപടി എങ്ങുമെത്തിയില്ല. മലപ്പിൽ സുകുമാരൻ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായതോടെ ഹൈക്കോടതിയിലെ കേസ് പിൻവലിക്കാൻ ധാരണയായതോടെ തർക്കങ്ങളുടെ മഞ്ഞുരുകി.
ആറിൽകടവ് പാലം
ചരിത്രം ഇങ്ങനെ
2011 ൽ- ഉമ്മൻചാണ്ടി സർക്കാർ ഇൻവെസ്റ്റിഗേഷന് 3.30 ലക്ഷം രൂപ അനുവദിച്ചു
2014 ൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് സമർപ്പിച്ചു
2016 ൽ പിണറായി സർക്കാർ സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 12 കോടി രൂപ അനുവദിച്ചു
(പാലത്തിനും അപ്രോച്ച് റോഡിനും 10,20,20,908 രൂപ)
ഇടതുമുന്നണിയുടെയും സർക്കാരിന്റെയും ഇടപെടലിലാണ് ആറിൽക്കടവ് പാലം പണി തുടങ്ങിയത്. നിർമ്മാണം തുടങ്ങുന്നത് ജനകീയ ഉത്സവമാക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. മന്ത്രിയുടെ തീയ്യതി കിട്ടാത്തതാണ് തറക്കല്ലിടാൻ തടസമായത്. ഇനിയും അവസരമുണ്ട്.
മാധവൻ മണിയറ
( ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
2000 മുതൽ പത്ത് വർഷം ഒന്നും ചെയ്യാത്തതാണ് ആറിൽക്കടവിൽ പാലം പണി നീളാൻ കാരണം. ഞാൻ മെമ്പറായ സമയത്താണ് ഇടപെടൽ ശക്തമാക്കിയത്. പാലത്തിനായി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന ആരോപണം നിഷേധിക്കുന്നു. പതിറ്റാണ്ടുകളായി പാർട്ടി ഇടപെട്ടത് കൊണ്ടാണ് ഇപ്പോഴെങ്കിലും പാലം വരുന്നത്.
വിനോദ് അച്ചാംതുരുത്തി
(പാലം നിർമ്മാണ ജനകീയ കമ്മിറ്റി ചെയർമാൻ )
ഭാഗ്യമുണ്ടെങ്കിൽ നാലാം പാലവും
ഓർക്കുളത്ത് നിന്ന് തൈക്കടപ്പുറത്തേക്കായി ഓർക്കുളം പാലത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങിയേക്കും. ഈ ഗ്രാമത്തിലേക്കുള്ള നാലാം പാലമാകും ഇത്.