കാസർകോട്: കെട്ടിടങ്ങൾക്ക് അനുമതി നൽകിയ രേഖകൾ അടങ്ങിയ ഫയൽ ഓഫീസിൽ നിന്ന് മുങ്ങിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് യുവജന മാർച്ച് നടത്തും.
അനധികൃത കെട്ടിട ഫയലുകൾ മുക്കിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുക, ഗ്രാമ പഞ്ചായത്ത് മെമ്പർ രാജിവയ്ക്കുക, അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ പത്തിന് ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്.
അനുമതി ഇല്ലാതെ നിർമ്മിച്ചുവരുന്ന കെട്ടിടങ്ങളുടെ നികുതി ഈടാക്കുന്നതിലും നടപടി എടുക്കുന്നതിലും അലംഭാവം കാണിക്കുന്നതായി വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് മൂന്ന് സ്ഥലങ്ങളിലായി കോടികൾ ചിലവഴിച്ചു നിർമ്മിച്ച ബഹുനില കെട്ടിടങ്ങളുടെ രേഖകൾ അടങ്ങിയ ഫയലുകൾ കാണാനില്ലെന്ന് വ്യക്തമാക്കി ഉദുമ പഞ്ചായത്ത് സെക്രട്ടറി വിവരാവകാശ പ്രവർത്തകൻ മാങ്ങാട് സ്വദേശി എം. ബാവകുഞ്ഞിക്ക് വിവരാവകാശ രേഖ നൽകിയത്.
സെക്രട്ടറി നൽകിയ ഈ വിവരാവകാശ രേഖ 'കേരള കൗമുദി' പുറത്തുവിട്ടത് ഉദുമയിൽ രാഷ്ട്രീയ വിവാദവും ഉയർത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ നികുതി സംബന്ധിച്ച വിവരവും വലിയ അന്തരമുള്ളതായിരുന്നു. അരലക്ഷം രൂപയെങ്കിലും നികുതി അടക്കേണ്ട കെട്ടിടത്തിന് വെറും മൂവ്വായിരത്തിൽ താഴെ രൂപ മാത്രമാണ് അടച്ചതത്രേ.
ഓഫീസിൽ 20 വർഷം വരെ ഫയലുകൾ സൂക്ഷിക്കണമെന്നാണ് പഞ്ചായത്ത് ചട്ടമുള്ളപ്പോഴാണ് ഒരു കാര്യവും വ്യക്തമായി പഞ്ചായത്ത് സെക്രട്ടറിക്കു നൽകാൻ കഴിയാത്തത്. ഫയലുകൾ സൂക്ഷിക്കണമെന്ന് നിർബന്ധമുള്ള പശ്ചാത്തലത്തിൽ രേഖകൾ അപ്രത്യക്ഷമാകുന്നത് ദുരൂഹമാണ്.
അഴിമതിയും സ്വജനപക്ഷപാതവും നടത്തി അങ്ങേയറ്റം മോശമായ രീതിയിലാണ് ഉദുമ പഞ്ചായത്തിലെ സ്ഥിതിഗതികൾ. വൻകിട കെട്ടിടങ്ങൾക്ക് നികുതി ചുമത്താതിരിക്കുകയും സ്വന്തക്കാരുടെ രേഖകൾ ഓഫീസിൽ നിന്ന് കാണാതാവുകയും ചെയ്യുന്നത് ഗുരുതരമായ സ്ഥിതിയാണ്. പദ്ധതിവിഹിതമായി ലഭിക്കുന്ന തുക ലാപ്‌സായി പോകുന്ന സ്ഥിതിയുമുണ്ട്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനാണ് തീരുമാനം.
എ.വി. ശിവപ്രസാദ്
(ഡി.വൈ.എഫ്.ഐ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ്)