train
TRAIN

കോഴിക്കോട്/കണ്ണൂർ: ചെന്നൈ - മംഗലാപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്‌സ്‌പ്രസ് ട്രെയിനുകളിലെ എ സി കോച്ചുകളിലെ കവർച്ചയ്ക്കു പിന്നിൽ വ്യത്യസ്ത സംഘങ്ങളാണെന്ന് കരുതുന്നു. മോഷണ രീതിയും പ്രാഥമിക തെളിവുകളും വിലയിരുത്തിയാണ് റെയിൽവേ പൊലീസിന്റെ നിഗമനം. ഒരേ സംഘമാകാം എന്ന സംശയത്തിലായിരുന്നു ആദ്യം. റെയിൽവേയുമായി അടുത്ത് ബന്ധമുള്ളവരുടെ സഹായം മോഷ്‌ടാക്കൾക്ക് ലഭിച്ചിട്ടണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. സ്ഥിരം ടി.ടി.മാരുള്ള എ.സി. കോച്ചുകളിൽ കൊള്ളസംഘം എങ്ങനെ കയറിയെന്നതും ദുരൂഹമാണ്. ചെന്നൈ സൂപ്പർഫാസ്റ്റിലെ എ.സി.കോച്ചിൽ രാത്രി 10 മണി വരെ റെയിൽവേ പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു.

അന്വേഷണസംഘം രൂപീകരിച്ചു

റെയിൽവേ പൊലീസ് ഡിവൈ.എസ്.പി.എ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷൊർണൂർ സി.ഐ.കീർത്തി ബാബു, കോഴിക്കോട് സി.ഐ.സുരേഷ് കുമാർ എന്നിവരും കാസർകോട്, കണ്ണൂർ, കോഴിക്കോട് എസ്.ഐ.മാരും സംഘത്തിലുണ്ട്.

കവർച്ചയ്ക്കിരയായ പൊന്നി മാരൻ, പ്രവീണ പ്രേംദാസ് എന്നിവരിൽ നിന്ന് പ്രത്യേകസംഘം മൊഴിയെടുത്തു. പൊന്നി മാരൻ ചെന്നൈയിലെ ബാങ്ക് ലോക്കറുകളിൽ നിന്ന് ആഭരണങ്ങൾ എടുത്ത് ട്രെയിൻ കയറുന്നത് മനസിലാക്കിയ ആരെങ്കിലും പിന്തുടർന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ചെന്നൈ കേന്ദ്രമാക്കിയുള്ള സംഘമാണ് പൊന്നിമാരനെ കൊള്ളയടിച്ചതെന്നും സൂചനയുണ്ട്.