തലശ്ശേരി: നഗരത്തിലെ രണ്ട് കടകളിൽ മോഷണവും രണ്ട് കടകളിൽ മോഷണശ്രമവും നടന്നു. പൊലീസ് സ്റ്റേഷന് സമീപം ഒ.വി റോഡിലെ ജനപ്രീയ ടെക്സ്റ്റൈൽസിൽ കയറിയ മോഷ്ടാവ് മേശ വലിപ്പിലുണ്ടായിരുന്ന 14,300 രൂപയും പതിനായിരം രൂപ വിലയുള്ള പുരുഷന്മാരുടെ ഷർട്ട്, പാന്റ്, ടീ ഷർട്ട് എന്നിവയും കവർന്നു. ഈ കടയുടെ സമീപത്തുള്ള ടെലിഫോൺ തൂണിലൂടെ പഴയ ഇരുനില കെട്ടിടത്തിന്റെ മുകളിലെത്തി ചെറിയ വാതിൽ തകർത്താണ് കടയിൽ കയറിയത്. വസ്ത്രങ്ങൾ അണിഞ്ഞ് നോക്കിയ ശേഷമാണ് അടിച്ച് മാറ്റിയത്.സ്ത്രീകളുടെ വസ്ത്രങ്ങൾ ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. ജനപ്രിയക്ക് മുൻവശത്തെ ടോപ്പ് ബാഗ്‌സിന്റെ പുറകിലെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന ശേഷം മേശവലിപ്പിലുണ്ടായിരുന്ന 3150 രൂപയും നാലായിരം രൂപ വിലവരുന്ന ആറ് ലതർ പേഴ്‌സുകളും കവർന്നു. ഈ ഭാഗങ്ങളിൽ ഒന്നും നിരീക്ഷണ കാമറകൾ പ്രവർത്തിക്കുന്നില്ല. രൂപ ടെക്സ്റ്റൈൽസ്, ആസാദ് അലൂമിനിയം എന്നിവിടങ്ങളിൽ കടയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം നടന്നു. 24 മണിക്കൂറും പൊലീസ് നിരീക്ഷണമുള്ള ഈ ഭാഗത്ത് മോഷണം നടന്നത് വ്യാപാരികളെയും നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട്. പൊലീസ് പരിശോധന നടത്തി.