തലശ്ശേരി: നാല് ഭാഗത്തും വെള്ളത്താൽ ചുറ്റപ്പെട്ട ധർമ്മടത്തുകാർക്ക് ഇനി ഉറക്കമില്ലാത്ത എട്ട് ദിനരാത്രങ്ങൾ. പുരാവൃത്തങ്ങളിൽ ഭൂമിദേവി പുഷ്പിണിയായ മകരമാസത്തിലെ ഇരുത്തിയേഴാം നാളിൽ ധർമ്മ പട്ടണത്തുകാർക്ക് ബാലായ്മ തുടങ്ങി. ഗ്രാമമണ്ണിലെ മാലിന്യങ്ങൾ അടിച്ചുവാരി അഗ്‌നിയിൽ ചാരമാക്കി വീടും വീഥികളും സ്ഥാപനങ്ങളും ഇന്ന് ഉച്ചാര ആചരിക്കും. ഇന്നത്തെ വൃത്തിയാക്കൽ കഴിഞ്ഞാൽ പിന്നെ മൂന്നാം നാളിൽ മാത്രമേ ഇനി ധർമ്മത്തെുകാർ ചൂലെടുക്കു.

.ഭൂമിദേവി തീണ്ടാരിയാവുന്ന നാളുകളാണ് ഇന്നു മുതൽ ഇനിയുള്ള രണ്ട് ദിവസമെന്നാണ് സങ്കൽപം. മുറതെറ്റിക്കാതെ പുരാതന കാലം മുതലുള്ള ആചാരമാണിത്. അഞ്ചരക്കണ്ടി പുഴ തലോടുന്ന ധർമ്മ പട്ടണത്തിന്റെ നാഥനായ അണ്ടലൂർ ദൈവത്താറീശ്വര സന്നിധിയിലെ ആണ്ടുത്സവത്തിന് ഇതോടെ ഇനി മൂന്ന് ദിനങ്ങളിലെ കാത്തിരിപ്പു മാത്രം.കുംഭം ഒന്ന് പിറന്നാൽ പിന്നീടുള്ള ഒരാഴ്ചക്കാലമാണ് ദേശപ്പെരുമ നെറ്റിപ്പട്ടം ചാർത്തി നിൽക്കുന്ന തിറയാട്ടക്കാലം. അണ്ടലൂർ ഉത്സവത്തെ വരവേൽക്കാൻ മകരം പിറന്നാൽ തന്നെ ധർമ്മടത്തെ നാല് ഊരിലും (മേലൂർ, അണ്ടലൂർ, പാലയാട്, ധർമ്മടം) ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. മറ്റൊരിടത്തും കാണാത്ത വൃത്തിയും വെടിപ്പുമാണ് ധർമ്മടത്തെ മുക്കിലും മൂലയിലും ഇപ്പോൾ .

മറ്റൊരു പ്രത്യേകത അണ്ടലൂർ കാവിൽ ഉത്സവ ചടങ്ങുകൾ തുടങ്ങിയാൽ ദേശവാസികളാകെ വ്രതശുദ്ധിയിലാവുന്നതാണ്. കള്ളുചെത്തിനും, മീൻപിടുത്തത്തിനും പ്രാമുഖ്യമുള്ള ഈ ദ്വീപ് സമാന മണ്ണിൽ മത്സ്യ മാംസാദികളും, മദ്യവും വെടിഞ്ഞുള്ള നാടിന്റെ സമർപ്പണം അണ്ടലൂർ ഉത്സവത്തിന്റെ മാത്രം സവിശേഷതയാണ്.'ഉത്സവ ദിനങ്ങളിൽ ഇവിടത്തെ ഹോട്ടലുകളിൽ പോലും സസ്യാഹാരം മാത്രമേ വിളമ്പുകയുള്ളു.

അതിഥി സൽക്കാര പ്രിയരെന്ന വിശേഷണമുള്ള ദേശവാസികൾ ദേവ ഭോജ്യങ്ങളായ അവിലും മലരും പഴവും നൽകിയാണ് വീട്ടിലെത്തുന്ന അതിഥികളെ സൽക്കരിക്കുന്നത്. ഇതിനായി ഇന്ന് മുതൽ ഗ്രാമചന്തകളിൽ പഴക്കുലകളും അവിൽ പൊരി ചാക്കുകളും എത്തിത്തുടങ്ങും. രാമായണ കഥയെ ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളെ കെട്ടിയാടുന്ന കാവെന്ന ഖ്യാതിയും അണ്ടല്ലൂരിനുണ്ട്.

ചിത്രം: അണ്ടല്ലൂർ കാവ്‌