mango

കൊട്ടിയൂർ: വഴിയോരത്തെ മാവിൽ നിന്ന് തിന്നാനായി മാങ്ങ പറിച്ച ചെറുപ്പക്കാരുടെ മുന്നിൽവച്ച് പ്രകോപിതനായ സമീപവാസി മൂന്ന് മാവുകൾ വെട്ടി വെട്ടിലായി. കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിൽ പാൽച്ചുരത്ത് വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഗ്രോട്ടോയുടെ മതിലിന് സമീപം റോഡരികിൽ കായ്ച്ച മൂന്നുമാവുകൾക്കാണ് അകാരണമായ കലിപ്പിൽ ദുർഗതി വന്നത്.

സംഭവമറിഞ്ഞ പരിസരവാസികളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി എത്തി. ഇവർ പരാതിപ്പെട്ടതിന് പിന്നാലെ പള്ളി കമ്മിറ്റി ഭാരവാഹികളും മാവ് വെട്ടിയ ആളും ഉൾപ്പെടെ കേളകം പൊലീസ് സ്റ്റേഷനിൽ എത്തി. ഇവിടെ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ പള്ളിവക സ്ഥലത്ത് നാട്ടുകാർ കാണിച്ചു കൊടുക്കുന്നിടത്ത് മാവ് വെട്ടിയ ആൾ മൂന്ന് മാവുകൾ നട്ട് പരിപാലിക്കാൻ ധാരണയായി.

മാവ് മുറിച്ചതിന് നഷ്ടപരിഹാരമായി 5000 രൂപ നൽകാനും പൊലീസ് നിർദ്ദേശിച്ചു. എന്നാലും പാതിയിൽ മുറിച്ചുവച്ച മൂന്നു മാവുകളെ എങ്ങനെയെങ്കിലും സംരക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ പ്രദേശവാസികൾ.