പയ്യന്നൂർ: കഴിഞ്ഞ ദിവസം സമാപിച്ച കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതിയോടുബന്ധിച്ചുള്ള ക്രമസമാധാന കമ്മിറ്റിയുടെ കൺവീനറായ ചന്തേര പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.സുരേഷ് ബാബുവിന്റെ പയ്യന്നൂർ മൂരിക്കൊവ്വലിലുള്ള വീടിന് നേരെയും പ്രവാസി കമ്മിറ്റി ചുമതലയുണ്ടായിരുന്ന പുതിയൻകാവിലെ കെ.കെ.ഗണേശന്റെ
ഉടമസ്ഥതയിലുള്ള വെള്ളൂർ രാമൻ കുളത്തിന് സമീപത്തെ യൂസ്ഡ് കാർ ഷോറൂമിന് നേരെയും അക്രമം. സി.ഐ.യുടെ വീടിന് നേരെയുണ്ടായ കല്ലേറിൽ മുകൾനിലയിലെ ജനൽചില്ലുകൾ തകർന്നു. വീട്ടിലെ സി.സി.കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഒരാൾ ഗെയിറ്റിന് പുറത്ത് നിന്നും മറ്റൊരാൾ ഗെയിറ്റ് തുറന്ന് അകത്ത് കയറിയും കല്ലെറിയുന്ന
ദൃശ്യങ്ങളുണ്ട്. ഒരാൾ പാന്റും ഷർട്ടും മറ്റൊരാൾ ടീ ഷർട്ടും മുണ്ടുമാണ് ധരിച്ചിട്ടുള്ളത്. സംഭവസമയത്ത് വീട്ടിൽ സി.ഐ.യുടെ ഭാര്യയും കുട്ടികളും മാത്രമാണുണ്ടായിരുന്നത്.
പെരുങ്കളിയാട്ടത്തിന്റെ തിരക്ക് നിയന്ത്രിക്കാൻ കർശന നിലപാടെടുത്തിന്റെ വിരോധമായിരിക്കാം അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി സുരേഷ് ബാബു പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഏതാനും പേർക്കെതിരെ കേസ്സെടുത്ത് അന്വേഷണം ഊർജ്ജിതപെടുത്തിയിട്ടുണ്ട്.
ഗണേശന്റെ ഷോപ്പിൽ വിൽപനക്കു വെച്ചിരുന്നതും പാർക്ക് ചെയ്തിരുന്നതുമായ കാറുകളും ജീപ്പുമടക്കമുള്ള പന്ത്രണ്ടോളം വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമികളെ ഉടൻ പിടികൂടണം.
പയ്യന്നൂർ: സി.ഐ. കെ.പി.സുരേഷ് ബാബുവിന്റെ വീട്ടിന് നേരെയും ഗണേശന്റെ ഉടമസ്ഥതയിൽ വിൽപനക്ക് വാഹനങ്ങൾക്ക് നേരെയുമുണ്ടായ അക്രമത്തിൽ സി.പി.എം.വെള്ളൂർ നോർത്ത് കമ്മിറ്റി പ്രതിഷേധിച്ചു. നാട്ടിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും അധികൃതരോടാവശ്യപ്പെട്ടു.
അക്രമ സംഭവങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.കെ.ഗോപിനാഥ് പ്രതിഷേധിച്ചു .പ്രതികളെ ഉടൻ പിടികൂടുന്നമെന്നാവശ്യപ്പെട്ടു. ഗണേശന്റെ സ്ഥാപനത്തിലെ കാറുകൾ തല്ലി തകർത്തതിൽ കേരള പ്രവാസി സംഘം വെള്ളൂർ നോർത്ത് വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നമെന്ന് ആവശ്യപ്പെട്ടു.