bumber
ക്രിസ്തുമസ് ബംബറായ 12 കോടി രൂപയുടെ ടിക്കറ്റ് പെരുന്തോൻ രാജൻ ഭാര്യ രജനി മക്കളായ അക്ഷര രിഖിൽ എന്നിവർ കണ്ണൂർ ജില്ലാ ബാങ്കിൽ ഏൽപ്പിച്ചപ്പോൾ

മട്ടന്നൂർ: നിത്യദുരിതങ്ങൾ ബുദ്ധിമുട്ടിച്ചപ്പോഴും ലോട്ടറിയടിക്കണേ എന്ന് കൂലിപ്പണിക്കാരനായ പൊരുന്നൻ രാജൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടില്ല. എങ്കിലും,​ മകളുടെ കല്യാണത്തിനും വീടുപണിക്കുമായി എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാഞ്ഞപ്പോൾ, എല്ലാം ശരിയാകാൻ ഒരു വഴി തെളിഞ്ഞിരുന്നെങ്കിൽ എന്ന് മനസ്സു നൊന്ത് ആഗ്രഹിച്ചു. അതു ഫലിച്ചതാകട്ടെ,​ പന്ത്രണ്ടു കോടിയുടെ നറുക്കെടുപ്പു ഭാഗ്യമായി! സംസ്ഥാന ലോട്ടറിയുടെ ക്രിസ്മസ്- പുതുവത്സര ബംബറിലെ ഒന്നാം സമ്മാനാർഹനാണ് മാലൂർ താലമ്പ്ര പുരളിമല കൈതച്ചാൽ കോളനിയിലെ രാജൻ.

ഇക്കാലമെല്ലാം കൂലിപ്പണി ചെയ്തിട്ടും കടവും ദുരിതവുമായിരുന്നു ബാക്കി. പണി കഴിഞ്ഞു വരുംവഴി ലോട്ടറിയെടുക്കുന്ന ശീലമുണ്ട്. സമ്മാനാർഹമായ ടിക്കറ്റെടുത്തത് കൂത്തുപറമ്പ് സനീഷ് ഏജന്റിൽ നിന്ന്. ബംബർ സമ്മാനം താനെടുത്ത ST 269609 നമ്പർ ടിക്കറ്റിനാണെന്ന് തിങ്കളാഴ്ച വൈകിട്ടു തന്നെ മനസ്സിലായെങ്കിലും രാജൻ ആരോടും പറഞ്ഞില്ല. കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന വിവരം അതിനകം പുറത്തുവന്നിരുന്നു. അതോടെ,​ സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങളും അവകാശവാദങ്ങളുമായി. രാജൻ വീണ്ടും വീണ്ടും ടിക്കറ്റ് കൈയിലെടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തി. അതെ,​ അത് ഈ ടിക്കറ്റു തന്നെ!

ബാങ്കിൽ അഞ്ചു ലക്ഷത്തിന്റെ കടമുണ്ട്. മൂത്ത മകളുടെ കല്യാണാവശ്യത്തിനും വീടുപണിക്കുമായി എടുത്തതാണ്. അതും അല്ലറചില്ലറ മറ്റു കടങ്ങളും വീട്ടണം. കാശില്ലാഞ്ഞ് മുടങ്ങിയ വീടുപണി തീർക്കണം. അത്രയുമേ തത്കാലം മനസ്സിലുള്ളൂ. ബാക്കിയെല്ലാം ആലോചിച്ച് ചെയ്യണം.

സമ്മാനാർഹമായ ടിക്കറ്റ് മാലൂർ സഹകരണ ബാങ്കിന്റെ തോലമ്പ്ര ശാഖ വഴി കണ്ണൂർ ജില്ലാ ബാങ്കിൽ ഏല്പിച്ചിരിക്കുകയാണ് രാജൻ. രജനിയാണ് ഭാര്യ. വോളിബോൾ താരം കൂടിയായ രഗിൽ,​ വിദ്യാർത്ഥിയായ അക്ഷര,​ ആതിര എന്നിവരാണ് മക്കൾ.