കാസർകോട്: ബദിയടുക്ക ടൗണിലെ അക്ഷയ ഫാൻസി കടയുടമ ശ്രീനിവാസറാവുവിന്റെ വീട്ടിൽ നിന്ന് കളവ് പോയത് 30 പവൻ സ്വർണാഭരണവും അരലക്ഷം രൂപയുമാണെന്ന് സ്ഥിരീകരണം. നേരത്തെ എൺപത് പവനും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടുവെന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. കൊൽക്കൊത്തയ്ക്ക് പോയിരുന്ന ശ്രീനിവാസ റാവുവും കുടുംബവും മടങ്ങിയെത്തി പരിശോധിച്ചപ്പോഴാണ് അൻപത് പവൻ സ്വർണവും ഒന്നരലക്ഷം രൂപയും സുരക്ഷിത നിലയിൽ കണ്ടെത്തിയത്. എന്നാൽ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനും അരലക്ഷംരൂപയും കവർച്ച ചെയ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ അയൽവാസിയാണ് ശ്രീനിവാസറാവുവിന്റെ വീട്ടിൽ കവർച്ച നടന്നതായി കണ്ടെത്തിയത്. അയൽവാസി കവർച്ചാവിവരം ഫോണിൽ അറിയിച്ചപ്പോൾ വീട്ടിനകത്ത് 80 പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിരുന്നു. അലമാരകൾ കുത്തിതുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടതിനാൽ മുഴുവൻ സ്വർണ്ണവും പണവും മോഷണം പോയെന്നായിരുന്നു കരുതിയിരുന്നത്.
ഒരു ക്യാമറ, പാദസരം, വെള്ളിയുടെ പൂജാപാത്രങ്ങൾ എന്നിവയും മോഷണം പോയവയിൽ ഉൾപ്പെടും. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായവരെയും ജാമ്യത്തിലിറങ്ങിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.