കണ്ണൂർ: നഗരത്തിലെ ബസ് സ്റ്റോപ്പ് ക്രമീകരണത്തിലെ അശാസ്ത്രീയത ഒഴിവാക്കി യാത്രക്കാർക്ക് സൗകര്യമുള്ള സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റോഡ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ കോടതിയിലേക്ക്. വർഷങ്ങളായുള്ള കാൽടെക്‌സ് വൈദ്യുത ഭവനിലെ സ്റ്റോപ്പാണ് ആലോചനയില്ലാതെ പൊലീസ് കളക്ട്രേറ്റിന് മുന്നിലേക്ക് മാറ്റിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാനെന്ന പേരിൽ നടപ്പാക്കിയ പരിഷ്‌കരണം കാരണം കുരുക്ക് കൂടുതൽ അനുഭവപ്പെടുകയാണ്.
കളക്ട്രേറ്റ് മുന്നിലെ വിചിത്രാ കോപ്ലക്‌സിന് സമീപാണ് ഇപ്പോഴത്തെ സ്റ്റോപ്പ്. ഇത് കാരണം പല ഭാഗത്തും വാഹനങ്ങൾ കൂടുതൽ സമയം കുരുങ്ങുകയാണ്. ട്രാഫിക് സർക്കിളിൽ കെ.എസ്.ആർ.ടി.സിക്ക് മുന്നിലെ സർക്കിളും കഴിഞ്ഞ് തലശേരി റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് കാരണം കാൽടെക്‌സിൽ ഇപ്പോൾ ഏത് സമയത്തും കുരുക്കാണ്. പ്രായമായവരും കുട്ടികളും റോഡ് മുറിച്ച് കടക്കാനാകെ ദുരിതത്തിലാണ്.
പ്രശ്‌നം പരിഹരിക്കാൻ ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ആലോചിച്ച് കൂട്ടായ തീരുമാനം വേണമെന്ന ആവശ്യത്തോട്ടും അധികൃതർ മുഖം തിരിക്കുകയാണ്. മേയർ, കളക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് റോഡ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ നിവേദനം നൽകിയിരുന്നു. ഇതിനോട് യാതൊരു പ്രതികരണവും ഇല്ലാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കുന്നത്. ജില്ലാ സെൻട്രൽ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സൗജന്യ നിയമ സഹായ കേന്ദ്രത്തിന്റെ സഹകരണത്തോടെ പീപ്പീൾസ് ലോ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. പി. ശശിയുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുന്നത്.