കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ എല്ലാ പൗരന്മാരെയും ദോഷകരമായി ബാധിക്കുമെന്ന് ഹൈക്കോടതി റിട്ട.ജസ്റ്റിറ്റ്സ് കെമാൽ പാഷ പറഞ്ഞു. ആകാശ് ഓഡിറ്റോറിയത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട് മാനവ സൗഹൃദവേദി സംഘടിപ്പിച്ച പ്രതിരോധ സദസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ പുറംതള്ളാനാണ് ഇത്തരം നിയമ ഭേദഗതികൾ കൊണ്ടുവരുന്നത്. നിലവിലുള്ള പൗരത്വ നിയമ ഭേദഗതിക്ക് മുമ്പ് തന്നെ 2003ൽ സർക്കാർ എൻ.പി.ആർ നടപിലാക്കാൻ തീരുമാനിച്ചിരുന്നു. അന്ന് അതിന്റെ ചതി മനസിലാക്കിയിരുന്നുവെങ്കിൽ നിലവിലുള്ള പൗരത്വ നിയമ ഭേദഗതി രാജ്യസഭയിൽ മോദി സർക്കാർ നടപ്പിലാക്കുമായിരുന്നില്ല.
.പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ അടിസ്ഥാന ഭരണഘടന തത്വങ്ങൾക്ക് എതിരാണ്. മത നിരപേക്ഷതയും തുല്യനീതിയും അടക്കമുളള ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.സി ജോസ് കെമാൽ പാഷയെ സദസിന് പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി ഡോ.ഖാദർ മാങ്ങാട്, എ.വി രാമകൃഷ്ണൻ, വി.എൻ ഹാരിസ്, ബി.എം മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു. ഡോ.ഹഫിസ് കെമാൽപാഷയെ ഷാളണിയിച്ച് ആദരിച്ചു.ടി മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു.