കൂത്തുപറമ്പ്: മാങ്ങാട്ടിടം കണ്ടേരിയിൽ എസ്.ഡി.പി.ഐ.പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 2 പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം. അനുഭാവികളായ കണ്ടേരിയിലെ ഹി ബാമൻസിലിൽ സി.കെ അനീസ് (32) ,സുബൈദ മൻസിലിൽ ടി.പി.നജീബ് (28) എന്നിവരെയാണ് കൂത്തുപറമ്പ്എസ്.ഐ.കെ.വി.സ്മിതേഷ് അറസ്റ്റ് ചെയ്തത്.
ജനുവരി 20 ന് അർദ്ധരാത്രിയോടെയാണ് കണ്ടേരിക്കടുത്ത നെടിയേരിയിലെ നൗഫലിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ശക്തമായ സ്പോടനത്തിൽ വീടിന്റെജനൽചില്ലുകൾ തകരുകയും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എസ്.ഡി.പി.ഐ.പ്രവർത്തകനായ നൗഫലിനെ ലക്ഷ്യം വച്ചായിരുന്നു വീടിന് നേരെയുള്ള അക്രമം. നൗഫലിന്റെ പിതാവ് ടി.കെ.അലവി കൂത്തുപറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ നാല് പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ സി.കെ.അനീസ് ,ടി.പി. നജീബ് എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികളായ രണ്ടുപേർ ഒളിവിലാണുള്ളത്. സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കേസിൽ പ്രതിയായ അർഷാദിന്റെ കാർ മെരുവമ്പായിയിൽ തകർത്തതിലുള്ള വിരോധമാണ് വീടാക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.