പുതുച്ചേരി/മാഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പുതുച്ചേരിയിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചാണ് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രി വി. നാരായണ സാമിയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണപക്ഷത്തെ മുഴുവൻ എം.എൽ.എമാരും, ഒരു സ്വതന്ത്ര എം.എൽ.എയും പ്രമേയത്തെ അനുകൂലിച്ചു. പ്രതിപക്ഷ എം.എൽ.എമാരായ എൻ.ആർ കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ സഭയിൽ ഹാജരായില്ല. മൂന്ന് നോമിനേറ്റഡ് എം.എൽ.എമാർ സഭയിൽ എത്തിയെങ്കിലും വാക്ക് ഔട്ട് നടത്തുകയാണുണ്ടായത്. കേന്ദ്ര സർക്കാർ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ നിയമത്തിനെതിരെ പുതുച്ചേരി നിയമസഭയിൽ പ്രമേയം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ലഫ്. ഗവർണർ കിരൺ ബേദി രേഖാമൂലം സ്പീക്കർക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. കേന്ദ്ര സർക്കാരിനെതിരെ ഈ വിഷയത്തിൽ പ്രമേയം പാസാക്കുന്ന ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി.