5500: സംസ്ഥനത്ത് ആകെ സർക്കാർ ഡോക്ടർമാർ
കണ്ണൂർ: കൊറോണയല്ല, അതിനപ്പുറം വന്നാലും ജോലിക്കെത്താൻ മനസില്ലെന്ന ധാർഷ്ട്യത്തിൽ നടക്കുന്ന സർക്കാർ സർവീസിലെ ഡോക്ടർമാരെ മുഴുവൻ ചെവിക്ക് പിടിച്ച് പുറത്താക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. വിവിധ മെഡിക്കൽ കോളേജുകളിൽ അനധികൃതമായി സർവീസിൽ നിന്നു വിട്ടുനിന്ന പത്ത് ഡോക്ടർമാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. നീണ്ട അവധിയെടുത്ത് വിദേശത്ത് ജോലി നേടുകയും നാട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്യുന്ന 530 പേർക്കെതിരെ ഉടൻ നടപടി വരും.
പി.എസ്.സി നിയമനമായതിനാൽ പത്രങ്ങളിൽ പേരുൾപ്പെടെ പരസ്യപ്പെടുത്തിയ ശേഷമാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇവരുടെ തസ്തികകളിൽ പുതിയ നിയമനം നടത്തണമെങ്കിൽ പിരിച്ചുവിട്ടാലേ പറ്റൂ. മുങ്ങി നടന്ന 120 ഡോക്ടർമാരെ കഴിഞ്ഞ വർഷം പിരിച്ചുവിട്ടിരുന്നു. 10 മുതൽ 15 വർഷം വരെ സർവീസുള്ളവരാണ് ഇവരിലേറെയും.
വിലാസങ്ങളും വ്യാജം
ദീർഘകാല അവധി അനുവദിക്കാത്ത അവശ്യ സർവീസിൽ ജോലിക്കെത്താതിരുന്നവരെ പിരിച്ചുവിടാൻ അനുകൂല റിപ്പോർട്ട് പി.എസ്.സി മുമ്പും നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും പലരും കൈപ്പറ്റിയില്ല. മേൽവിലാസത്തിൽ പലതും വ്യാജമായിരുന്നു.
' ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടും അനുസരിക്കാത്ത ഡോക്ടർമാരെ പിരിച്ചുവിടുക തന്നെ ചെയ്യും".
മന്ത്രി കെ.കെ.ശൈലജ
'മുങ്ങിനടക്കുന്നവരെ സംരക്ഷിക്കില്ല. റിട്ടയർ ചെയ്യാൻ ആറു മാസം കിടക്കെയാണ് ഇവർ വീണ്ടും സർവീസിൽ പ്രവേശിക്കാറുള്ളത് ".
ഡോ. ജോസഫ് ചാക്കോ,
സംസ്ഥാന പ്രസിഡന്റ്, കെ.ജി.എം.ഒ.എ