തലശ്ശേരി: വർത്തമാനകാലത്ത് സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള വെളിച്ചമായി കാർട്ടൂണിസ്റ്റുകൾക്ക് മാറാനാകണമെന്ന് ചിത്രകാരൻ കെ.കെ മാരാർ അഭിപ്രായപ്പെട്ടു. എം. അജയകുമാറിന്റെ പഞ്ചദിന കാർട്ടൂൺ പ്രദർശനം തിരുവങ്ങാട് കേരള ലളിതകലാ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തമായ സാമൂഹ്യ വിമർശനമുള്ള കാർട്ടൂണുകൾ ഉണർത്തുപാട്ടുകളായി മാറുകയാണ്. ചിന്തയിലും വാക്കിലും വരയിലുമെല്ലാം ആക്ഷേപ ഹാസ്യം നിറച്ചു വെച്ചിരിക്കുകയാണ് ഈ കാർട്ടൂണിസ്റ്റെന്നും മാരാർ പറഞ്ഞു. എ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ രവീന്ദ്രൻ കാർട്ടൂൺ പരിചയം നടത്തി. ബി.ടി.കെ അശോക്, സോമൻ മാഹി, സി.വി സുധാകരൻ, ചാലക്കര പുരുഷു, എം. അജയകുമാർ എന്നിവർ പ്രസംഗിച്ചു. പ്രദർശനം 15വരെ തുടരും.