നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതോടെ നാട്ടുകാർക്ക് കുടിവെള്ളം മുട്ടുകയാണ്. കിഫ്ബി പദ്ധതി മുഖേന റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിനാൽ 14 മീറ്റർ വീതിയിലാണ് റോഡ് അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്.ഇതിന്റെ ഭാഗമായാണ് ചോയ്യങ്കോട് മുതൽ എട്ടാം മൈൽ വരെ ഇപ്പോൾ റോഡ് കിളച്ച് വീതി കൂട്ടിയത്. ഇതോടെ റോഡിന്റെ ഒരു ഭാഗത്തെ കുടിവെള്ള പൈപ്പ് പൊട്ടി 152 കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടി. .

കൂവാറ്റി ചാലിലെ കിണറുകളിൽ നിന്നുള്ള പൈപ്പുകൾ മിക്കതും ചോയ്യങ്കോട് ഇടത്തോട് റോഡിന്റെ ഒരു ഭാഗത്ത് കൂടിയാണ് പോകുന്നത്. എട്ടു കിണറുകളാണ് ജലനിധി പദ്ധതിയിൽ ഇവിടെ കുഴിച്ചത്.

പൊതുമരാമത്ത് അധികൃതർ

ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി റോഡ് വീതി കൂട്ടേണ്ടത് കരാറിന്റെ ഭാഗമാണ്.ഇത് സംബന്ധിച്ച് വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ ഇലക്ടിസിറ്റി, ജലനിധി അധികൃതർ എന്നിവർക്ക് രേഖാമൂലം കത്തയച്ചിരുന്നു. ഈ വകുപ്പുകൾ കാലതാമസം വരുത്തിയതിനാലാണ് ഇങ്ങെനെ സംഭവിച്ചത്.പൊതുമരാമത്ത് റോഡിൽ കൂടി എന്ത് ചെയ്യണമെങ്കിലും വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന നിബന്ധനയോടെയാണ് പ്രവൃത്തിക്ക് അനുമതി കൊടുക്കുന്നത്.

റോഡ് പുനർ നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് ജോലി തീർക്കുമെന്നാണ് കരാറുകാരൻ പറയുന്നത്.

ബീനാകുമാരി, രണ്ടാം വാർഡ് മെമ്പർ, കിനാനൂർ കരിന്തളം പഞ്ചായത്ത്

നാലു മാസമായി ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട്. ഇനി വരാൻ പോകുന്ന വേനലിലും കുടിവെള്ളത്തിനായി ഇതിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്ക് നെട്ടോട്ടമായിരിക്കും.

ഇത് ഏറെയും ബാധിച്ചത് ചോയ്യങ്കോട് കക്കോലിലുള്ള എസ്.സി, എസ്.ടി. കുടുംബങ്ങളെയാണ്.