health

നമ്മുടെ ശരീരഭാരത്തെ മുഴുവൻ താങ്ങിനിർത്താൻ വിധിക്കപ്പെട്ടവരാണ് കാലുകളിലെ അസ്ഥികൾ. അതുകൊണ്ടുതന്നെ പ്രായമേറും തോറും അസ്ഥി തേയ്മാനത്തിന്റെ ലക്ഷണങ്ങൾ ഏറെ കാണുന്നതും ഇവിടെ തന്നെ. രണ്ട് അസ്ഥികൾ കൂടിച്ചേരുന്ന ഭാഗത്തെ 'സന്ധി' എന്നാണ് പറയുന്നത്. സന്ധികളിലും ശരീരഭാരവും അമിതോപയോഗവും പോറലുകളേൽപ്പിക്കുന്നു. അസ്ഥികളുടെ അഗ്രഭാഗങ്ങളെ അവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് രണ്ട് എല്ലുകൾക്കിടയിൽ റബ്ബർ പോലുള്ള കുഷ്യനുണ്ട്.

മൃദുവായ ഈ ഭാഗം അസ്ഥികളുടെ ഇടയിൽ മെത്തപോലെ, അല്ലെങ്കിൽ കുഷ്യൻ പോലെ പ്രവർത്തിക്കുകയും സന്ധികളിൽ ഇരു അസ്ഥികൾ തമ്മിലുള്ള ഉരസൽ ഒഴിവാക്കുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു പ്രത്യേകത അസ്ഥിയിലുണ്ടാകുന്ന മർദ്ദത്തെ അസ്ഥികളിലുടനീളം തുല്യമായ രീതിയിൽ വിഭജിച്ചുനല്കുന്നുവെന്നതാണ്.

എന്നാൽ ഉപയോഗം മൂലവും ഭാരം മൂലവും മൃദുവായ ഈഭാഗം തേയ്മാനം വന്ന് രണ്ട് എല്ലുകൾ തമ്മിൽ ഉരയുന്ന സ്ഥിതിയുണ്ടാക്കുന്നു. ഇത് രോഗികളുടെ സന്ധികളിൽ വേദനയുണ്ടാക്കുകയും ഏറെ പ്രയാസങ്ങൾ ദൈനംദിന ജീവിതത്തിൽ അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു.

ഏറേസമയം നിന്ന് ജോലി ചെയ്യേണ്ടിവരിക, ഭക്ഷണക്രമത്തിലെ മാറ്റം, അമിത ഭാരം, ഹോർമോൺ വ്യതിയാനത്തിന്റെ ഭാഗമായുള്ള അസ്ഥിബലം കുറയൽ, ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങൾ ഇവയെല്ലാം മുട്ടുവേദന കൂടാൻ കാരണമാകുന്നു.

ശരീരഭാരം കുറയ്ക്കുന്നതും അസ്ഥികളെയും സന്ധികളെയും സഹായിക്കുന്ന ഭക്ഷണ- വ്യായാമ ശീലങ്ങൾ സ്വീകരിക്കുന്നതും ഇത്തരം പ്രയാസങ്ങളിൽ നിന്നും നമ്മെ അകറ്റിനിർത്തും. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളാണ് പ്രധാനം. ജീവിതശൈലിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുക ഗുണകരമാണ്. വ്യായാമം അനുയോജ്യമായത് മാത്രമേ രോഗികൾക്ക് ചെയ്യാനാകൂ. മാനസികോല്ലാസം നൽകുന്ന കളികൾ, യോഗ എന്നിവയിലേർപ്പെടുക. ശരീരത്തിനാവശ്യമായ വിശ്രമവും ഉറക്കവും നൽകുക. ധാരാളം വെള്ളം കുടിക്കുക. ഫാസ്റ്റ്ഫുഡ്, ഉപ്പ്, കൊഴുപ്പ് എന്നിവ പരമാവധി കുറയ്ക്കുക.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്.

ഫോൺ: 9544657767.