കാഞ്ഞങ്ങാട്:നഗരസഭയിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ആറങ്ങാടി ആകെ വരണ്ടുപോയി. ദേശീയ പാതയോരത്തെ ഈ മാർക്കറ്റിൽ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് പണിത ഷോപ്പിംഗ് കോംപ്ലക്‌സ് ആർക്കും വേണ്ടാതായി. ഇതിന്റെ വരാന്ത മത്സ്യവിൽപനക്കാർക്ക് മത്സ്യം വിൽക്കാനുള്ളതായിരുന്നു. എന്നാൽ വിരലിലെണ്ണാവുന്ന മത്സ്യ വിൽപ്പനക്കാർ പാതയോരത്താണ് മത്സ്യം വിൽക്കുന്നത്. കൂളിയങ്കാൽ് , തോയമ്മൽ ,അരയി, കാഞ്ഞങ്ങാട് സൗത്ത് പ്രദേശത്തുകാരുടെയും മാർക്കറ്റായിരുന്നു ആറങ്ങാടി. എന്നാൽ ഇന്നവിടെ ഒന്നു രണ്ട് അനാദിപ്പീടികകളും ചായപ്പീടികയും മാത്രമാണുള്ളത്.
ദേശീയ പാതാ വികസനവും ആറങ്ങാടി മാർക്കറ്റിനെ ദോഷകരമായി ബാധിച്ചു.ദേശീയ പാത ആറുവരിയാകുമ്പോൾ ആറങ്ങാടി മാർക്കറ്റ് തന്നെ ഇല്ലാതാകുന്ന സ്ഥിതിയുമുണ്ട്.ആറങ്ങാടിയിൽ എ. യു.പി സ്‌കൂളും മദ്രസയും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ആറങ്ങാടി നീലാങ്കര വാർഡിലാണ്. മീര ടീച്ചറാണ് ഇപ്പോഴത്തെ കൗൺസിലർ.റോഡു പദ്ധതി പൂർത്തിയായാലേ ആറങ്ങാടിയിലിനി എന്തെങ്കിലും വികസന പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ളൂവെന്ന് നഗരസഭ അധികൃതരും പറയുന്നു.
2005 ലാണ് ഷോപ്പിംഗ് കോംപ്ലക്‌സ് പണിതത്. മത്സ്യ മൊത്ത വിതരണം ലക്ഷ്യമാക്കിയായിരുന്നു ഇത്. അഞ്ചെട്ടുപേർക്ക് ജോലിയും കിട്ടുമെന്ന് കരുതി.എല്ലാം വെറുതെയായി. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന മുസ്ലീം ലീഗ് നേതാവ് ടി അബൂബക്കർ ഹാജി പറഞ്ഞു.ആറങ്ങാടി ഉൾക്കൊള്ളുന്ന വാർഡിന്റെ കൗൺസിലറുമായിരുന്നു അബൂബക്കർ ഹാജി.