തലശ്ശേരി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സൂചകമായി നട്ട നെല്ലിതൈ പിഴുത് കൊണ്ട് പോയി. സാമൂഹ്യ പ്രവർത്തകനായ കെ.എം ഗോപാലൻ എരഞ്ഞോളി ചുങ്കം ബസ് സ്റ്റോപ്പിന് സമീപത്ത് ജനുവരി ഒന്നിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ നട്ട തൈയാണ് പിഴുത് മാറ്റിയത്. തൈ നട്ട അന്ന് മുതൽ ഇന്നലെ വരെ രാവിലെയും വൈകിയിട്ടും ഗോപാലൻ വെള്ളം ഒഴിക്കാറുണ്ട്. ഇന്ന് രാവിലെ വെള്ളം ഒഴിക്കാൻ എത്തിയപ്പോൾ നെല്ലി തൈ കാണാനില്ല. നേരത്തെ തന്റെ ഒരു കിഡ്‌നി ദാനം ചെയ്തയാളാണ് ഗോപാലൻ. തനിക്ക് ലഭിക്കുന്ന സാമൂഹിക പെൻഷൻ പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാൻ നൽകുന്ന 70കാരനായ ഇദ്ദേഹം നാട്ടിലെ വീടുകളിൽ ഗുണ്ടിക (ഭണ്ഡാരം)കൾ സ്ഥാപിച്ച് അതിൽ നിന്നും ലഭിക്കുന്ന തുകയും രോഗികൾക്ക് നൽകാറുണ്ട്.