ഇരിട്ടി: സംസ്ഥാനത്തെ വിസ്തൃതിയും ജനസംഖ്യയും കൂടിയ വാർഡായ ആറളം ഫാം മൂന്നായി വിഭജിച്ചേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡുകൾ കൂട്ടാനുള്ള തീരുമാനത്തോടെയാണ് ആദിവാസി പുനരധിവാസ മേഖല മൂന്ന് വാർഡായി വിഭജിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 1500 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശം ആറളം ഫാം വാർഡ് എന്ന പേരിൽ ഒരൊറ്റ വാർഡായാണ് അറിയപ്പെട്ടത്. നാലായിരത്തോളം വോട്ടർമാർക്ക് ഒരു വാർഡ് എന്ന നിലയിലായതോടെ വികസനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം 1500ഓളം കുടുംബങ്ങൾക്ക് ഫാമിൽ ഭൂമി ലഭിച്ചിട്ടുണ്ട്. ഇവരും കൂടി വോട്ടർ പട്ടികയിൽ ഇടം പിടിക്കുന്നതോടെ വാർഡിലെ വോട്ടർമാരുടെ എണ്ണം അയ്യായിരത്തോട് അടുക്കും. ആയിരം പേർക്ക് ഒരു വാർഡ് എന്ന നിലയിൽ കണക്കാക്കിയാൽ തന്നെ നാലു വാർഡെങ്കിലും ഫാമിൽ ഉണ്ടാകണം. ആറളം ഫാമിനെ ആദിവാസി പഞ്ചായത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തും നിരവധി ആദിവാസി സംഘടനകളും നേരത്തെ തന്നെ സർക്കാറിന് നിവേദനം നൽകിയിരുന്നു. ഗ്രാപഞ്ചായത്ത് അനുവദിച്ചില്ലെങ്കിലും നിലവിലുള്ള വാർഡ് വിഭജിക്കുന്നത് തന്നെ ഗുണകരമാകും. നിലവിൽ ആറളം പഞ്ചായത്തിൽ 17 വാർഡാണ് ഉള്ളത്.