പയ്യന്നൂർ: റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടതിനെ തുടർന്ന് മംഗളൂരു- ചെന്നൈ സൂപ്പർഫാസ്റ്റ് അര മണിക്കൂർ പയ്യന്നൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. വ്യാഴാഴ്ച വൈകിട്ട് 5.55ന് സ്റ്റേഷനിലെത്തിയ വണ്ടി 6.25 ഓടെയാണ് യാത്ര പുനരാരംഭിച്ചത്. കുഞ്ഞിമംഗലം ചെമ്പല്ലിക്കുണ്ട് ഭാഗത്താണ് ട്രാക്കിൽ വിള്ളൽ കണ്ടെന്ന് നാട്ടുകാർ അറിയിച്ചത്. തുടർന്ന് റെയിൽവേ എൻജിനീയറിംഗ് വിഭാഗം പരിശോധിച്ചു. വിള്ളൽ അപകടകരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വണ്ടികൾ വേഗത കുറച്ച് പോകാൻ നിർദ്ദേശിച്ചു.