കാഞ്ഞങ്ങാട്: ആസ്വാദകരെ ആർട്ഗാലറിയിലേക്ക് ആകർഷിക്കാൻ ചുവർ ചിത്രമൊരുക്കുകയാണ് ലളിതകലാ അക്കാദമി.ടൗൺ ഹാളിനു സമീപം പ്രവർത്തിക്കുന്ന ആർട് ഗാലറിയുടെ മുൻവശത്തെ ചുവരിലാണ് കാഞ്ഞങ്ങാടിന്റെ ചരിത്രം പറയുന്ന ചുവർ ചിത്രങ്ങൾ ഒരുക്കിയത്.

വിജ്ഞാനദായിനി വായനശാലയും വിദ്വാൻ പി കേളുനായരും മഹാകവി പി യുമൊക്കെ ചുവരിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിത്യാനന്ദാശ്രമവും നിത്യാനന്ദ സ്വാമിയും ചിത്രങ്ങളിൽപെടും. മ്യൂറൽ പെയിന്റിലാണ് ചിത്രങ്ങൾ ചെയ്തിട്ടുള്ളത്.

ചിത്രങ്ങൾ കാണുമ്പോൾ അതിനു തൊട്ടടുത്ത് എന്തോ ഉണ്ടെന്ന തോന്നൽ ആസ്വാദകരിൽ ഉണ്ടാകുമെന്ന് അക്കാദമി വൈസ് ചെയർമാൻ എബി എൻ.ജോസഫ് പറഞ്ഞു. ആറുലക്ഷം രൂപ ചെലവിലാണ് ആർട് ഗാലറി ഇതാദ്യമായി നവീകരിച്ചിട്ടുള്ളത്.

ഗാലറിയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നിടം ശീതീകരിച്ചിട്ടുണ്ട്. ആർട് ഗ്യാലറിയിലേക്ക് വരുന്ന റോഡിനിരുവശവും ചിത്രങ്ങളാൽ ജില്ലയുടെ ചരിത്രം രേഖപ്പെടുത്തണമെന്ന ആശയം അക്കാദമിക്കുണ്ട്. ആർട് വാക് എന്ന പേരിൽ ഇതിനായി പദ്ധതി ആവിഷ്‌കരിക്കുമെന്ന് വൈസ് ചെയർമാൻ വ്യക്തമാക്കി. മൂന്നു ഖണ്ഡങ്ങളായി ഏഴു ചിത്രകാരൻമാർ ചേർന്നാണ് കേരളീയ ചുവർചിത്ര രീതിയിലുള്ള ചിത്രങ്ങൾ വരച്ചത്. നവീകരിച്ച ഗാലറി ഇന്നു വൈകിട്ട് 4 ന് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും.