തളിപ്പറമ്പ: കിഫ്ബി പദ്ധതിയിലുള്ള റോഡ് നവീകരണം പാതിവഴിയിൽ നിർത്തിയതോടെ ജനം ദുരിതത്തിൽ. ചുടല- മാതമംഗലം- ഏരിയം റോഡിലാണ് പൊടിശല്യം രൂക്ഷമായത്. അതേസമയം അധികൃതർക്ക് കുലുക്കമേയില്ല
19 കിലോമീറ്റർ മെക്കാഡം ടാറിംഗ് പ്രവർത്തിയാണ് ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണം നിരത്തി പാതിവഴി നിർത്തി കരാറുകാർ സ്ഥലം വിട്ടത്. മലപ്പുറം ആസ്ഥാനമായുള്ള പി.കെ.എസ് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. കുറെ ഭാഗം കൽവെർട്ടുകളും റോഡ് നിരപ്പാക്കലും ചെയ്തെങ്കിലും മുക്കാൽ ഭാഗം പണിയും ബാക്കിയാണ്. ജെ.സി.ബി ഉപയോഗിച്ച് റോഡ് കിളച്ചു മറിച്ചതോടെ കാൽനട പോലും സാദ്ധ്യമല്ലാതായി. ഇതുവഴി അമ്മാനപ്പാറ-ഏഴുംവയൽ ഭാഗത്തേക്ക് സർവീസ് നടത്തിയ ബസ് മാസങ്ങളായി സർവീസ് നിർത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ജപ്പാൻ കുടിവെള്ളപദ്ധതിക്ക് പൈപ്പിടൽ പ്രവർത്തിയും നടക്കുന്നുണ്ട്. പൊടിശല്യത്തിന് താത്കാലിക പരിഹാരമായി മൂന്നു നേരം വെള്ളം തെളിക്കാമെന്ന വാക്കും പാഴ്‌വാക്കായി. ആദ്യം രണ്ട് ദിവസം വെള്ളം തെളിച്ചെങ്കിലും പിന്നീട് നിർത്തി. ഈ അനാസ്ഥയ്ക്കെതിരെ കർമ്മസമിതി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.