തൃക്കരിപ്പൂർ: ഇടയിലെക്കാട് കാവിനകത്തെ അന്തേവാസികളായ വാനരപ്പടയിൽ നിന്ന് ഒന്നു ചത്തത് അന്വേഷിക്കണമെന്ന് നാട്ടുകാർ. കാവിനകത്തേക്കുള്ള തെക്കുഭാഗത്തെ വഴിയിൽ നിന്ന് പത്തു മീറ്റർ പടിഞ്ഞാറ് മാറിയാണ് ചീഞ്ഞഴുകിയ നിലയിൽ ഒരു കുരങ്ങിന്റെ ജഡം കണ്ടെത്തിയത്. കുരങ്ങിന് പതിവായി ഭക്ഷണം നൽകി വന്ന ചാലിൽ മാണിക്കത്തിന് അസുഖമായതിനാൽ ഭക്ഷണം കൊടുക്കുന്ന പതിവ് തെറ്റിയത് ചർച്ചയായിരുന്നു. ഇപ്പോൾ ഇടയിലെക്കാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ കെ മഹേഷും നാട്ടുകാരും ഉപ്പു ചേർക്കാത്ത ചോറും പഴങ്ങളും പച്ചക്കറികളും സ്ഥിരമായി നൽകി വരുന്നുണ്ട്. രണ്ടു വർഷം മുമ്പ് പത്ത് കുരങ്ങുകളെ വിഷം കൊടുത്തു കൊന്ന സംഭവം ഉണ്ടായിരുന്നു.