പരിയാരം: ആരോഗ്യ രംഗത്തെ കച്ചവടമാക്കുന്നെന്ന ആരോപണം ഉയർന്നതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വീണ്ടും വിവാദ കുരുക്കിൽ. ഹൃദയാലയത്തിന്റെ പ്രവർത്തനമാണ് വിമർശിക്കപ്പെടുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ മുറവിളികൾക്ക് ഒടുവിൽ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തെങ്കിലും കച്ചവട ലോബികൾ കൈ കടത്തുന്നതായാണ് ആരോപണം.
സർക്കാർ സ്ഥലവും ഫണ്ടും ഉപയോഗിച്ച് കെട്ടിയ സ്ഥാപനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കണമെന്നാണ് ആവശ്യം. മെഡിക്കൽ കോളേജിന്റെ സേവനം സൗജന്യമായി സാധാരണക്കാർക്ക് ലഭ്യമാകണം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആയതോടെ ഇപ്പോൾ തന്നെ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ട്.
പരിയാരത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ കൈ കടത്തുന്നതോടെ പല ഡിപ്പാർട്ടുമെന്റുകളും ശുഷ്‌കിച്ചിട്ടുണ്ട്. ജീവനക്കാർക്കിടയിലും മെഡിക്കൽ കോളേജ് ഹൃദയാലയ വേർതിരിവ് നിലനിൽക്കുന്നു. മുൻ മെഡിക്കൽ കോളേജ് അധികാരികൾ ഹൃദയാലയത്തിന് മുൻതൂക്കവും ഉയർന്ന പരിഗണനയും നൽകുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തപ്പോൾ മറ്റ് വിഭാഗങ്ങളെ ശ്രദ്ധിക്കാതെ പോയതാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് പറയുന്നത്. ജീവനക്കാരുടെ നിയമനത്തിൽ പോലും വേർതിരിവ് ഉണ്ടായിരുന്നു. ഈ നില തുടർന്നാൽ രോഗികൾ നിരാശരാകുമെന്നാണ് ആശങ്ക.
സർക്കാർ മെഡിക്കൽ കോളേജാകുമ്പോൾ പൂർണ്ണമായും ആ നിലവാരം പുലർത്തണം. അതിൽ വെള്ളം ചേർക്കാനോ കച്ചവടമാക്കാനോ ശ്രമം ഉണ്ടായാൽ സമരവുമായി രംഗത്തെത്തും
ഡോ. ഡി. സുരേന്ദ്രനാഥ്
സമര സമിതി കൺവീനർ