കൊട്ടിയൂർ: വെങ്ങലോടി സ്വദേശി കുട്ടത്തുപറമ്പിൽ സന്തോഷിനെ മർദ്ദനമേറ്റ പരിക്കുളോടെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും ജോലിക്കു പോവുകയായിരുന്ന സന്തോഷിനെ വഴിയിൽ വെച്ച് ആറംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി.

മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷ് പേരാവൂർ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിപ്പോയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു. മർദ്ദനം ഏൽക്കുന്നതിന്റെ തലേ ദിവസം ഒരു കല്യാണ വീട്ടിൽ കോഴിക്കോട് നിന്നെത്തിയ വരന്റെ കൂട്ടുകാരെ പ്രതികൾ വഴിയിൽ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വരന്റെ കൂട്ടുകാരുടെ വാഹനം യാതൊരു പ്രകോപനവുമില്ലാതെ തടഞ്ഞതിനെതിരെ സന്തോഷുമായി ഇവർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പ്രശ്‌നം രമ്യമായി പറഞ്ഞ് തീർത്തെങ്കിലും പിറ്റേ ദിവസം ജോലിക്ക് പോകുന്ന സമയം നോക്കി അക്രമികൾ തന്നെ കാത്തിരുന്ന് മർദ്ദിക്കുകയായിരുന്നെന്നാണ് സന്തോഷ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് സന്തോഷ് കേളകം പൊലീസിൽ പരാതി നൽകി.