നീലേശ്വരം :നാരാംകു ളങ്ങര ക്ഷേത്രത്തിന് മുന്നിലുള്ള കുളം സംരംക്ഷിക്കാനാളില്ല. വില്ലേജ് രേഖകളിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള കുളം ഇപ്പോൾ സംരംക്ഷിക്കാൻ ആരും മുന്നോട്ട് വരുന്നില്ല. പഴയ കാലത്ത് ചെങ്കല്ല് കെട്ടിയുണ്ടാക്കിയ കുളം ഇന്ന് കല്ലുകൾ ഇളകി കുളത്തിന്റെ ചുറ്റുപാടും ഇടിഞ്ഞ് വീണിരിക്കയാണ്. അത് കൊണ്ട് തന്നെ കുളം ചെളി നിറഞ്ഞ് കലക്ക് വെള്ളമായി. കുളത്തിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ മഴക്കാലങ്ങളിൽ നാലു ഭാഗത്ത് നിന്നുമുള്ള ചെളിവെള്ളവും കുളത്തിലേക്കാണ് ഒഴുകി വരുന്നത്.

മുമ്പ് പഞ്ചായത്തിന്റെ നേതൃത്യത്തിൽ കാർഷികാഭിവൃദ്ധി മെച്ചപ്പെടുത്താനും കുടിവെള്ള ക്ഷാമം പരിഹരിക്കാനുമാണ് കുളം നിർമ്മിച്ചത്.കുളം നവീകരിച്ച് വൃത്തിയാക്കിയാൽ തൊട്ടടുത്ത വയലിലെ നെൽകൃഷി മെച്ചപ്പെടുത്താനും രണ്ടാം വിളയായി പച്ചക്കറി കൃഷി ചെയ്യാനും സാധിക്കും.

വാർഡ് കൗൺസിലർ എറുവാട്ട് മോഹനൻ കുളം നവീകരിക്കാൻ 5 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇ - ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. കൂടാതെ 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കുളം നവീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ട്.