തൃക്കരിപ്പൂർ: പ്രധാനാദ്ധ്യാപകന്റെ മികവിൽ ഒരു സ്കൂളിന് ശാപമോക്ഷം. കൂലേരി ഗവ എൽ പി.സ്കൂളിലെ പ്രധാനാദ്ധ്യാപകൻ എം.പി.രാഘവനാണ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഈ സർക്കാർ വിദ്യാലയത്തിന് പുതുജീവൻ നൽകി മാതൃകയായത്. തന്റെ മുഴുവൻ സമയവും ഈ സർക്കാർ വിദ്യാലയത്തിനായി സമർപ്പിച്ചാണ് ഇദ്ദേഹം അതിനെ അക്ഷരർത്ഥത്തിൽ സരസ്വതീക്ഷേത്രമാക്കി മാറ്റിയത്.116 വർഷം മുമ്പ് ആരംഭിച്ച സ്കൂൾ ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും പിൽക്കാലത്ത് ഗ്രാഫ് കുത്തനെ താണു.
2014-ൽ പ്രധാനാദ്ധ്യാപകനായി സ്കൂളിലെത്തുമ്പോൾ 32 കുട്ടികളാണ് ആകെ ഉണ്ടായിരുന്നത്.ഒന്നാം ക്ലാസിൽ 7 പേർ. വിദ്യാർത്ഥികളുടെ അംഗബലം കുറഞ്ഞതോടെ അദ്ധ്യാപക തസ്തികയേയും ബാധിച്ചു. രാഷ്ടീയ പ്രവർത്തകരുമായും രക്ഷിതാക്കളുമായും സാംസ്കാരിക സംഘടനകളുമായും നിരന്തരം ബന്ധപ്പെട്ടു. പ്രധാനാദ്ധ്യാപകന്റെ ആത്മാർത്ഥത തിരിച്ചറിഞ്ഞ നാട്ടുകാർ സ്കൂളിനായി കൈകോർത്തു. ഇതോടെ കുട്ടികളുടെ അംഗസംഖ്യ ഉയർന്നു. കഴിഞ്ഞ വർഷം ഇവിടെ 32 കുട്ടികൾ പുതുതായി അക്ഷരവെളിച്ചം തേടിയെത്തി.അങ്ങനെയാണ് അംഗസംഖ്യ 136 ലെത്തിയത്. അക്കാദമിക് പരിഷ്കാരത്തോടൊപ്പം ചെടികൾ നട്ടു. പച്ചക്കറി കൃഷിയും നടത്തി.
കഴിഞ്ഞ തവണ നാല് കുട്ടികളെ എൽ.എസ്.എസ് നേടാൻ പ്രാപ്തരാക്കി.ഒരു ഡിവിഷൻ വർദ്ധിപ്പിച്ചതോടെ ഒരു അദ്ധ്യാപക തസ്തിക കൂടി അനുവദിക്കപ്പെട്ടു. അറബിക് അദ്ധ്യാപക തസ്തിക കൂടി സ്ഥിരമാക്കി സർക്കാർ ഉത്തരവായത് സഹപ്രവർത്തകരുടെ സഹായത്തോടെ ഈ അദ്ധ്യാപകന്റെ മികവ് നാടെങ്ങും ആഘോഷിക്കുകയായിരുന്നു. അടുത്ത മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഇദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നൽകാൻ തയാാറെടുക്കുകയാണ് തൃക്കരിപ്പൂരിലെ പൗരാവലി.