തലശേരി: ഇനിയൊരു പ്രളയമുണ്ടായാൽ അതിജീവന പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കണമെന്ന് തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ രമേശൻ പറഞ്ഞു. സംഗമം ഓഡിറ്റോറിയത്തിൽ 'നമ്മൾ നമുക്കായ്' ദുരന്ത നിവാരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും അതിജീവിക്കാൻ വാർഡുകൾ കേന്ദ്രീകരിച്ച് പത്തു പേരടങ്ങുന്ന സംഘം രൂപീകരിച്ചു. ഓരോ സംഘത്തിലും ഡ്രൈവർ, നീന്തൽ പരിശീലകൻ, മരംവെട്ടുകാർ, നഴ്‌സ്, വനിതകൾ എന്നിവരുണ്ടാകും. ആളുകളെ മാറ്റി പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാതെ അതിജീവിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
വാഹനാപകടങ്ങളും ദുരന്തങ്ങളായി കണക്കാക്കണമെന്ന് കില ഫാക്വൽറ്റി പി.വി രത്‌നാകരൻ പറഞ്ഞു. തലശ്ശേരി നഗരസഭയെ കാർബൺ ഫ്രീയാക്കി മാറ്റണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചു. പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ പച്ചത്തുരുത്തുകൾ നിർമ്മിക്കുക, ജലസ്രോതസുകൾ ഒഴുകാനുള്ള വഴി ഒരുക്കുക, കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി വിടുക, ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദുരന്ത നിവാരണ സേനയിൽ ഉള്ളവർക്ക് പ്രത്യേകം ചുമതലകൾ നൽകുക, ദുരന്ത വിവരം അറിയിക്കാനും രക്ഷാപ്രവർത്തനത്തിനും ദുരന്തബാധിതർക്കുള്ള താമസ സ്ഥലം ഒരുക്കാൻ ഓരോ ടീം രൂപീകരിച്ച് പ്രത്യേകം പരിശീലനം നൽകുക എന്നിവ വഴി കാര്യക്ഷമമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്താനാകുമെന്നും നിർദ്ദേശിച്ചു.
നഗരസഭ വൈസ് ചെയർമാൻ നജ്മ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, നഗരസഭ സെക്രട്ടറി കെ. മനോഹരൻ, ഫെസിലിറ്റേറ്റർ പി.പി ഗംഗാധരൻ, കെ. വിനയരാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.