ചെറുപുഴ: പെരിങ്ങോം മടക്കാം പൊയിലിലെ ക്വാറി ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സന്ദർശിച്ച് നടപടി എടുക്കും. ജില്ല കളക്ടർ ടി.വി സുഭാഷിന്റെ നേതൃത്വത്തിൽ നടന്ന പയ്യന്നൂർ താലൂക്ക് തല അദാലത്തിലാണ് തീരുമാനം. ക്വാറിയിൽ നിന്നുള്ള പൊടിയും ശബ്ദവും മൂലം പ്രദേശത്തെ കുട്ടികൾ വരെ രോഗ ബാധിതരാകുന്നെന്ന സമീപവാസി വടക്കേടത്ത് തങ്കപ്പന്റ പരാതിയിലാണ് നടപടിയെടുക്കാൻ തീരുമാനമായത്. ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. ദീർഘ കാലമായി പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലമാണിത്.
പയ്യന്നൂർ ടൗണിൽ നിന്നുള്ള മലിനജലം ഉളിയത്ത് പുഴയിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടിയെടുക്കാനും അദാലത്തിൽ തീരുമാനമായി. പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ 28, 30, 31, 33 എന്നീ വാർഡുകളിലൂടെയാണ് പയ്യന്നൂർ ടൗണിലെ ഓടകളിൽ നിന്നുള്ള മലിനജലം ഉളിയത്ത് പുഴയിലേക്ക് ഒഴുകുന്നത്. ഇതോടെ ജനങ്ങൾ ദുർഗന്ധവും മാറാരോഗങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നു. ഇംപാക്ട് കേരളയിൽ പെടുത്തി അടിയന്തര നടപടി എടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ പയ്യന്നൂർ നഗരസഭയോട് ആവശ്യപ്പെട്ടു.
മാത്തിൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏഴാം വാർഡിലെ ചക്ലിയ കുടുംബങ്ങൾക്ക് അംബേദ്കർ പദ്ധതിയിൽപ്പെടുത്തി കുടിവെള്ളം ലൈഫ് പദ്ധതികൾ അനുവദിക്കാൻ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. അദാലത്തിൽ തീർപ്പാക്കാത്ത പരാതികൾ പരിശോധിച്ച് ജില്ലാ തലത്തിൽ തീരുമാനമെടുക്കേണ്ടവയും താലൂക്ക് വില്ലേജ് തലത്തിൽ പരിഹരിക്കേണ്ടവയും സമയബന്ധിതമായി തീർപ്പാക്കുമെന്ന് കളക്ടർ അറിയിച്ചു. നിയമപരമായി കൈകാര്യം ചെയ്യേണ്ടവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. തളിപ്പറമ്പ് സബ് കളക്ടർ എസ്. ഇലക്യ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ തഹസീൽദാർ കെ. ബാലഗോപാലൻ, ഭൂരേഖ വിഭാഗം തഹസിൽദാർ മോഹനൻ നൂഞ്ഞാടൻ തുടങ്ങിയവർ പങ്കെടുത്തു.
അദാലത്തിൽ പരിഗണിച്ചത് 81 പരാതികൾ
റവന്യു കേസ്-70
മറ്റു വകുപ്പുകൾ-11
പരിഹരിച്ചത്- 22