നീലേശ്വരം: പൊലീസ് ആസ്ഥാനത്ത് നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്തു കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സാധാരണയായി തോക്ക് കൈവശം വയ്ക്കുന്നത് ഭീകരവാദികളും വാടകകൊലയാളികളുമാണ്. തോക്ക് കാണാതായത് കേന്ദ്ര സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കാര്യമാണ്. തീവ്രവാദ സംഘടനകളുടെ കൈയിലേക്കാണ് തോക്ക് എത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ക്രിമിനലുകളും പൊലീസും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ്. പെരിയയിലെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചരമവാർഷികം ആചരിക്കുമ്പോൾ, കാണാതായ തോക്കുകൾ സി.പി.എം വാടകഗുണ്ടകളുടെ കൈയിലെത്തിയിട്ടുണ്ടോയെന്ന് വിശദീകരിക്കണം. പൊലീസ് സ്റ്റേഷനുകളിൽ വാഹനങ്ങളില്ലാത്ത സമയത്താണ് ഡി.ജി.പി ആഡംബര വാഹനങ്ങൾ വാങ്ങി കൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ 10 കോടി രൂപ ചെലവാക്കാൻ പണമില്ലെന്ന് പറയുന്നവർ കോടികൾ മുടക്കി കുടുംബസമേതം വിദേശയാത്ര പോവുകയാണ്. ലോക്‌നാഥ് ബെഹ്റ അധികാരമേറ്റെടുത്തതിന് ശേഷം ആഭ്യന്തര വകുപ്പ് എത്ര രൂപ ചെലവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും മറുപടി പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.