arrest

രാജപുരം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി നാലര ലക്ഷത്തോളം രൂപ തട്ടി മുങ്ങിയ പ്രതിയെ തൃശൂരിൽ വച്ച് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ദേശമംഗലം സ്വദേശി ബഷീർ (40) ആണ് അഞ്ചു വർഷത്തിനുശേഷം പിടിയിലായത്. ഇയാളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തൃ​ശൂരിലെ പ്രമുഖ ഗ്രൂപ്പിന്റെ അടുപ്പക്കാരനായി അഭിനയിച്ച് അസുഖം ബാധിതനായ മാലക്കല്ല് സ്വദേശി ജോസഫിനെ വൃക്ക മാറ്റിവെക്കാനുള്ള സഹായംചെയ്തുതരാമെന്ന് വാഗ്ദാനം നൽകിയാണ് 4.69 ലക്ഷം രൂപ ബഷീർ വാങ്ങിച്ചത്. പണവുമായി കടന്നുകളഞ്ഞ ഇയാളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. വഞ്ചനക്കിരയായി എന്ന് ബോധ്യപ്പെട്ട ജോസഫിന്റെ കുടുംബം രാജപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. സി ഐ ബാബു പെരിങ്ങേത്ത്, എസ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.