തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 23 കേണൽ സി. കെ. നായിഡു ട്രോഫി ചതുർദിന മത്സരത്തിൽ കേരളം 9 വിക്കറ്റിന് ചത്തീസ്ഗഡിനെ പരാജയപ്പെടുത്തി.16 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി.
ഇന്നലെ രാവിലെ 4 വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 254 റൺസിന് എല്ലാവരും പുറത്തായി. അശ്വിൻ ആനന്ദ് (41),എം.പി.ശ്രീരൂപ് (37 ) എന്നിവരായിരുന്നു തിളങ്ങിയത്. ചത്തീസ്ഗഡിന് വേണ്ടി ഗഗൻ ദീപ് സിംഗും ശുഭം സിംഗും 4 വിക്കറ്റ് വീതം വീഴ്ത്തി.
തുടർന്ന് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ചത്തീസ്ഗഡ് കേരളത്തിന്റെ സ്പിന്നിന് മുന്നിൽ 130 റൺസിന് തകർന്നടിഞ്ഞു. സിജോമോൻ ജോസഫ് 47 റൺസിന് 7 വിക്കറ്റും ശ്രീഹരി എസ് നായർ 28 റൺസിന് 2 വിക്കറ്റും വീഴ്ത്തി. സഞ്ജീത്ത് ദേശായി 42 റൺസെടുത്തു.