file-1
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്ഥാപിച്ച ഉപയോഗ ശൂന്യമായി പൂട്ടി കിടക്കുന്ന വഴിയോര വിശ്രമ കേന്ദ്രം

ശ്രീകണ്ഠപുരം: വഴിയോര യാത്രക്കാർക്കായി ഡി.ടി.പി.സി (ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ) ശ്രീകണ്ഠാപുരത്ത് നിർമ്മിച്ച വിശ്രമ കേന്ദ്രം സാമൂഹ്യ വിരുദ്ധ കേന്ദ്രമാകുന്നു. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് പണി പാതിയിലിട്ടതോടെയാണ് മദ്യപന്മാരും ലഹരി മാഫിയയും കെട്ടിടം കൈയ്യടക്കിയത്. ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ടെങ്കിലും വർഷങ്ങളായിട്ടും ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു യു.ഡി.എഫ് സർക്കാർ പണി പൂർത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്തത്. ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ഉദ്ഘാടനം ചെയ്തെങ്കിലും പ്രയോജനം ഉണ്ടായില്ല. ശൗച്ചാലയം, കഫേറ്റീരിയ, മുലയൂട്ടാനുള്ള സൗകര്യം, എ.ടി.എം കൗണ്ടർ എന്നീ സൗകര്യങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.

പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥലം മുൻപ് റോഡായിരുന്നു. പഞ്ചായത്തും സ്വകാര്യ വ്യക്തികളും വിവിധ പദ്ധതികൾ നടപ്പാക്കാൻ സ്ഥലം ചോദിച്ചെങ്കിലും പുതിയ പാലം നിർമ്മിക്കാൻ മാറ്റി വെച്ചതെന്ന കാരണം നിരത്തി പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചു. വിശ്രമ കേന്ദ്രമെന്ന ആലോചന വന്നപ്പോൾ ആദ്യം പരിഗണിച്ചത് പയ്യാവൂർ ക്ഷേത്രത്തിന് അടുത്തായിരുന്നു. ക്ഷേത്ര പരിസരത്ത് ശൗചാലയം വരുന്നതിന് എതിരെ പരാതികൾ ഉയർന്നപ്പോൾ കെ.സി ജോസഫ് എം.എൽ.എ ഇടപെട്ട് ശ്രീകണ്ഠാപുരത്തേക്ക് മാറ്റി.

സാമൂഹ്യവിരുദ്ധർക്ക് ആഘോഷം

ശൗചാലയത്തിൽ വെള്ളം ലഭ്യമായതിന് പിന്നാലെ സാമൂഹ്യ വിരുദ്ധർ തമ്പടിച്ച് മദ്യപാനം ആരംഭിച്ചു. ഇതോടെ ഇവിടം വൃത്തി ഹീനമായി. ഇപ്പോൾ പരിസരത്ത് കൂടി മൂക്ക് പൊത്തിയേ നടക്കാനാകൂ. ശ്രീകണ്ഠാപുരം നഗരത്തിൽ നല്ലൊരു ശൗചാലയം പോലും ഇല്ലെന്നിരിക്കെയാണ് ഈ അവസ്ഥ. വിശ്രമ കേന്ദ്രത്തിന്റെ പരിസരത്തും പുഴയിലും മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നതും പതിവാണ്. ശൗചാലയത്തിന് പിന്നാലെ വന്ന കഫറ്റീരിയയും വൈകാതെ പൂട്ടി. പുഴക്കരയിൽ മഴക്കാലങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ ദേശസാൽകൃത ബാങ്കുകൾക്ക് എ.ടി.എം തുടങ്ങാനും താത്പര്യമില്ല. പ്രത്യേക രൂപത്തിലുള്ള നിർമ്മാണം ആയതിനാൽ കെട്ടിടം ഇവർ തന്നെ അറ്റകുറ്റപണികൾ ചെയ്യേണ്ടി വരും.

ചെലവ്

46 ലക്ഷം

ഉദ്ഘാടനം

2016 ൽ

നഗരസഭ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ പ്രവർത്തിയാണിത്. പി.ഡബ്ലു.ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ ഇതിൽ ഇടപെടാനാകില്ല. എന്നാൽ പഴി കേൾക്കുന്നത് നഗരസഭയാണ്-

ഭരണസമിതി