കണ്ണൂർ: ചികിത്സ തേടിയെത്തുന്ന രോഗികളെ നിരാശരാക്കി പടന്ന തയ്യിൽ മൈതാനപ്പള്ളിയിലെ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം. ആവശ്യമായ ചികിത്സയും മരുന്നും നൽകാതെ ഇവിടെ നിന്നും രോഗികളെ മടക്കുന്നതായാണ് പരാതി. മരുന്ന് നൽകാൻ ഫണ്ടില്ലെന്നും ആറു ലക്ഷം രൂപ അനുവദിക്കാൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വാദിക്കുമ്പോൾ ഇങ്ങനെയൊരു ആവശ്യമേ ഉന്നയിച്ചില്ലെന്നാണ് കോർപ്പറേഷൻ ഭരണ സമിതിയുടെ നിലപാട്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള തയ്യിൽ, മരക്കാർകണ്ടി, നീർചാൽ, കുറുവ, അവേര, കടലായി സ്വദേശികളാണ് ഇവിടെ ആശ്രയിക്കുന്നത്. അതേസമയം രാവിലെ 9 മുതൽ വൈകീട്ട് ആറ് വരെ പരിശോധന ഉണ്ടെന്ന് ബോർഡ് സ്ഥാപിച്ചെങ്കിലും ഡോക്ടമാർ നാലിന് തന്നെ പരിശോധന നിർത്തും. ഇതോടെ വൈകിയെത്തുന്നവർ സ്വകാര്യ ആശുപത്രികളിലേക്ക് മടങ്ങേണ്ടി വരികയാണ്. നൂറ് ടോക്കൺ വീതം രാവിലെയും ഉച്ചയ്ക്ക് ശേഷവും പരിശോധിക്കാമെന്നിരിക്കെ ഉച്ചയ്ക്ക് ശേഷം 70ലേറെ രോഗികളെ പരിഗണിക്കാറില്ല. മരുന്നില്ലെന്ന് വാദിച്ച് പരമാവധി രോഗികളെ അകറ്റാനാണ് ശ്രമമെന്നും ജനം ആരോപിക്കുന്നു.
പരിശോധിച്ച് മരുന്ന് പുറത്തേക്ക് എഴുതുകയെങ്കിലും ചെയ്താൽ പരിശോധന ഫീസെങ്കിലും ലാഭിക്കാന്നും ഇവർ പറയുന്നു. തോട്ടടയിൽ സബ്ബ് സെൻഡറും കടലായി വടുകുളം സബ് സെൻഡറിൽ ഒരു ഡോക്ടറും വേണമെന്നാണ് ആവശ്യം.
ആരോഗ്യ കേന്ദ്രത്തിലെ സമീപനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണം.
എം.കെ ഷാജി
കൗൺസിലർ, ആദികടലായി ഡിവിഷൻ