കൂത്തുപറമ്പ്: മമ്പറം ഏലാഞ്ചിക്കുളം റോഡിനോട് വേങ്ങാട് പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങല തീർത്തു. 200 മീറ്റർ നീളത്തിൽ തീർത്ത പ്രതിഷേധ ചങ്ങലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കണ്ണികളായി. അൻപത് വർഷം പഴക്കമുള്ള റോഡിനോട് രാഷ്ട്രീയ പ്രേരിതമായി അവഗണന കാട്ടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മടത്തും പൊയിൽ ഭാഗത്ത് നിന്നും നക്കാൽ മടപ്പുര ഭാഗത്തേക്കാണ് റോഡ് പോകുന്നത്.
പതിനാലാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടാറിംഗ് ചെയ്യാത്ത ചെമ്മൺ റോഡിൽ വൻകുഴികൾ രൂപപ്പെട്ടതോടെ വാഹനയാത്ര ദുഷ്കരമാണ്. ഇത്രയും കാലമായിട്ടും ഗതാഗത യോഗ്യമാക്കാത്തതിനെ തുടർന്ന് കടുത്ത ദുരിതത്തിലാണ് ജനങ്ങൾ. പഞ്ചായത്ത് അധികൃതർ രാഷ്ട്രീയ താത്പര്യം കാട്ടുന്നതാണ് പ്രശ്നം. മനുഷ്യചങ്ങലയ്ക്ക് ശേഷം നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, കെ. റമീഷ്, സി. റിജേഷ് തുടങ്ങിയവർ സംസാരിച്ചു.