കാസർകോട് : മരണത്തെ തൊട്ട നിലയിലായിരുന്നു അപ്പോൾ ഡിവൈ.എസ്.പി കെ.എൽ. രാധാകൃഷ്ണൻ. ഒടുവിൽ 'ആ കൈകൾ" തന്നെ പിന്നോട്ടു വലിച്ചതിന്റെ അമ്പരപ്പിലാണിപ്പോഴും അദ്ദേഹം. അത് സാക്ഷാൽ അയ്യപ്പ സ്വാമി തന്നെയെന്ന് രാധാകൃഷ്ണൻ ഉറച്ചു വിശ്വസിക്കുന്നു. അതിന് ദൂതനായത് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തും.
ശബരിമല സോപാനത്തിന്റെ മുന്നിൽ അയ്യപ്പ ഭക്തരുടെ ഇടയിലൂടെ തന്റെ ശരീരം സ്‌ട്രെച്ചറിൽ കിടത്തി ആശുപത്രിയിലേക്ക് ഓടിയ ഐ.ജി ശ്രീജിത്തിനെ രാധാകൃഷ്ണനും കുടുംബവും എക്കാലവും ഓർക്കും. കഴിഞ്ഞ മകരവിളക്ക് കാലത്താണ്. മകരജ്യോതി കഴിഞ്ഞ് ഭക്തർ തിരിച്ചിറങ്ങുന്ന നേരം. സ്‌ട്രെച്ചറിൽ ഒരാളെ കിടത്തി ഐ.ജിയും പൊലീസുകാരും വിസിൽ മുഴക്കി പരിഭ്രാന്തരായി ഓടുന്നു. ഇതു കണ്ട് എ.സി.പി രാജുവും പിറകെ ഓടി.
സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ രാധാകൃഷ്ണന്റെ ശരീരം നിശ്ചലമായിരുന്നു. ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു രാധാകൃഷ്ണൻ. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർ വിധിയെഴുതി.
അവസാനശ്രമം എന്ന നിലയിൽ 'കാർഡിയോ വേർഷൻ" നൽകാൻ ഡോക്ടർമാർ തീരുമാനിച്ചു. അയ്യപ്പൻ തുണച്ചു; രാധാകൃഷ്ണൻ ഹൃദയ താളം വീണ്ടെടുത്തു. ഒട്ടും വൈകാതെ മെഡിക്കൽ സംഘത്തോടൊപ്പം തിരുവല്ല ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ എത്തിച്ചു. നാല് ബ്ലോക്കുകളാണ് നീക്കിയത്.
രാധാകൃഷ്ണൻ ഇപ്പോൾ വിശ്രമത്തിലാണ്. അയ്യപ്പദാസനായി സേവനം അനുഷ്ഠിച്ചതിന് സ്വാമി നൽകിയ പ്രതിഫലമാണ് തന്റെ ജീവനെന്ന് രാധാകൃഷ്ണൻ തിരിച്ചറിയുന്നു.
സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ അശ്രാന്ത പരിശ്രമം നൽകിയ ഐ.ജി ശ്രീജിത്തിന് 'ബിഗ് സല്യൂട്ട്' അർപ്പിച്ച് കോഴിക്കോട് എ.സി.പി ടി.പി. രഞ്ജിത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.