ആലക്കോട്: ചീക്കാട് പുഴക്കരയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗുഹാക്ഷേത്രം നാശത്തിന്റെ വക്കിൽ. സംരക്ഷിക്കാൻ അധികൃതരൊന്നും താത്പര്യം കാട്ടാത്തതോടെയാണ് ഈ ചരിത്ര ശേഷിപ്പ് ഇല്ലാതാകുന്നത്. വൈതൽമലയുടെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന ചീക്കാട് പുഴയിൽ നിന്നും മുപ്പത് അടി ദൂരത്തിൽ കരിങ്കൽപാറ നീക്കം ചെയ്ത് നിർമ്മിച്ച ഈ ഗുഹാക്ഷേത്രത്തെ കുറിച്ച് പഠിക്കാൻ ചരിത്ര ഗവേഷകന്മാരോ ആർക്കിയോളജി വകുപ്പോ തയ്യാറായിട്ടില്ല.

വൈതൽമലയ്ക്ക് ചുറ്റും താമസിക്കുന്ന ആദിവാസി വിഭാഗമായ കരിമ്പാലരുടെ ആരാധനാ മൂർത്തിയാണ് ഇതെന്നാണ് നാട്ടുകാരുടെ വിശ്വാസം. മഴക്കാലത്ത് പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ ഗുഹാകവാടം വെള്ളത്താൽ മൂടും. ഇതോടെ ഗുഹാക്ഷേത്രത്തിൽ എത്തുന്നത് ദുഷ്കരമാകും. വേനൽ കാലത്ത് പുഴയിലെ വെള്ളം താഴുമ്പോഴേ പുഴകടന്ന് ഇവിടെ എത്താനാകൂ.

പത്ത് വർഷം മുൻപ് കേരളകൗമുദി ദിനപത്രമാണ് ഈ ചരിത്ര വിസ്മയത്തെ പരിചയപ്പെടുത്തിയത്. ഗുഹാക്ഷേത്രത്തിന്റെ ചുമരിൽ ചെറിയ കരിങ്കൽ ചീളുകൾ ഒരുതരം പശ ഉപയോഗിച്ച് ഒട്ടിച്ചിട്ടുമുണ്ട്. ക്ഷേത്രത്തിലെ ബിംബപീഠം ഇപ്പോൾ കാണാതായി. ആദിവാസികളിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കേ ഇതേ കുറിച്ച് ധാരണയുള്ളൂ. അപ്പർചീക്കാട് ആദിവാസി പുനരധിവാസ മേഖലയിൽപ്പെട്ട ഇവിടെ അരയേക്കർ സ്ഥലം ക്ഷേത്ര സംരക്ഷണത്തിനായി നീക്കിവെച്ചതായി നാട്ടുകാർ പറയുന്നു. അടുത്ത കാലത്തായി പലരും ഇവിടെ കടന്നുവന്ന് പൂജകൾ നടത്തിയതിന് തെളിവായി നിലവിളക്കുകളും കാണുന്നുണ്ട്. ചീക്കാട് പുഴക്കരയിലെ ഗുഹാക്ഷേത്രത്തെ സംരക്ഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.