കണ്ണൂർ: വരൾച്ചയും ചൂടും കുത്തനെ ഉയർന്നതോടെ നാട് തീപിടുത്ത ഭീതിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി കേസുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. അംഗബല കുറവിനിടയിലും ഫയർ ഫോഴ്സാകട്ടെ തലങ്ങും വിലങ്ങും ഓടി വിയർക്കുന്നുണ്ട്.

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം കന്റോൺമെന്റ് പരിസരത്ത് അടുത്തിടെ രണ്ട് തീപിടിത്തം നടന്നു. അലക്ഷ്യമായി പുകവലിച്ച് തീക്കൊള്ളിയും സിഗരറ്റ് ഭാഗവും വലിച്ചെറിയുന്നതാണ് ദുരന്തങ്ങൾക്ക് ഇടയാക്കുന്നത്. പുൽനാമ്പുകൾ കരിഞ്ഞുണങ്ങിയതോടെ ജനുവരി മുതൽ മെയ് വരെ ആശങ്കയുടെ നാളുകളാണ്. പറമ്പുകൾ വൃത്തിയാക്കാനായി തീയിടുന്നതും പ്രശ്നമാകുന്നു. കുന്നിൻ ചെരുവുകളിലും കൃഷിയിടങ്ങളിലും തീയണക്കാൻ വാഹനങ്ങൾക്ക് എത്താനാകില്ല. ചാല,കോയ്യോട്, പാടിക്കുന്ന്, തളിപ്പറമ്പ്,​ എളംബേരം, നാടുകാണി, കാരക്കുണ്ട്, മട്ടന്നൂർ ചാവശ്ശേരി, മത്തിപ്പാറ, പഴയങ്ങാടി, മാടായിപ്പാറ, തലശ്ശേരി പെട്ടിപ്പാലം എന്നീ പ്രദേശങ്ങളാണ് സ്ഥിരമായി തീപിടുത്തമുണ്ടാകുന്ന മേഖല.

കത്തി കയറുന്ന തീജ്വാല

അഗ്നിശമന സേന സ്റ്റേഷനുകളിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത തീപിടുത്തം

കണ്ണൂർ- 49

തളിപ്പറമ്പ്-30

മട്ടന്നൂ‌ർ-12

പയ്യന്നൂർ-16

കൂത്തുപറമ്പ്-6

തലശ്ശേരി-27

ആളില്ല,​ പെടാപ്പാടാണ്

ദിവസം മുഴുവൻ ഫോൺ വിളികാത്ത് അഗ്നിശമന സേന സുസജ്ജമാണെങ്കിലും അംഗബലക്കുറവ് ഇവരെ തളർത്തുന്നു. തളിപറമ്പിൽ 36ന് പകരം 29 സേനാംഗങ്ങളേയുള്ളൂ. മട്ടന്നൂരിലും തലശ്ശേരിയിലും ഓരോ ഒഴിവുണ്ട്. ബോധവത്ക്കരണം,​ പരിശീലനം,​ ആഴ്ചയിലെ ഓഫ് എന്നിങ്ങനെ ആളുകൾ കുറയുമ്പോൾ ഇവർ ആകെ കുടുങ്ങും.

വരൾച്ച രൂക്ഷമാകുമ്പോൾ തീ പിടിത്ത സാദ്ധ്യതയേറും. അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണം. മാലിന്യങ്ങൾ കത്തിക്കുന്നതിന് പകരം ശാസ്ത്രീയമായി സംസ്കരിക്കണം. കഴിഞ്ഞ ദിവസം തൃശൂർ ദേശമംഗലത്ത് കൊറ്റമ്പത്തൂരിൽ കാട്ടുതീ അണക്കുന്നതിനിടെ മൂന്ന് വനപാലകരാണ് മരിച്ചത്. തീയിൽ സസ്യവൈവിദ്ധ്യവും ജീവികളും നശിക്കുന്നുണ്ട്. ജാഗ്രത പുലർത്തിയെ മതിയാകൂ.

കെ.വി ലക്ഷ്മണൻ

ഫയർ സ്റ്റേഷൻ കണ്ണൂർ