കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് പദ്ധതിയാവിഷ്‌കരിക്കാൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വൈകല്യ സൗഹൃദ വാർഡ് സഭയൊരുക്കി മാതൃകാ പ്രവർത്തനം നടത്തുകയാണ് കാഞ്ഞങ്ങാട് നഗരസഭ. നഗരസഭയിലെ 43 വാർഡുകളിലെയും ഭിന്ന ശേഷിക്കാരുടെയും രക്ഷിതാക്കളുടെയും സംഗമത്തിൽ ജനകീയാസൂത്രണ പദ്ധതി 2020-21 സാമ്പത്തിക വർഷത്തിൽ ശാരീരിക മാനസ്സിക വൈകല്യം നേരിടുന്നവർക്കായി സ്‌കോളർഷിപ്പ്, ശ്രവണ സഹായി, സ്വയംതൊഴിൽ പരിശീലനം, മൂന്ന് ചക്രവാഹനം എന്നിവ നൽകുന്നതിന് പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനിച്ചു. ഭിന്ന ശേഷി വാർഡ് സഭ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഗംഗാരാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും പ്ലാൻ കോഡിനേറ്റർ ടി.വി രാജേഷ് നന്ദിയും പറഞ്ഞു.