കൂത്തുപറമ്പ്: കണ്ണവത്ത് മരം കടപുഴകി വീണ് വീടിന് കേട് പറ്റി. ഫോറസ്റ്റ് ഓഫീസിന് സമീപത്തെ സി.എ അഷറഫിന്റെ വീടിനാണ് കേട് പറ്റിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വനാതിർത്തിയിൽപ്പെട്ട കൂറ്റൻ മട്ടിമരമാണ് അപകടം ഉണ്ടാക്കിയത്. മരം വീണ ആഘാതത്തിൽ ഇരു നില കോൺക്രീറ്റ് വീടിന് പോറലേറ്റിട്ടുണ്ട്. ശൗചാലയവും തകർന്നു. മരം വീഴുമ്പോൾ കുട്ടികൾ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരത്തിന്റെ അപകടാവസ്ഥ കാണിച്ച് അധികൃതർക്ക് പരാതികൾ നൽകിയിരുന്നെങ്കിലും മുറിച്ച് മാറ്റാനുള്ള നടപടികൾ ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. കണ്ണവം പൊലീസിലും ഫോറസ്റ്റ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.