കണ്ണൂർ: കേരളത്തിലെ മാധ്യമങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ഡി.ഐ.ജി കെ. സേതുരാമൻ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫിസ്, കണ്ണൂർ പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാധ്യമ ലോകത്തെ വർത്തമാനങ്ങൾ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ മാധ്യമങ്ങൾ പക്ഷപാതം കാണിക്കുമ്പോൾ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്ന ജനാധിപത്യത്തിന്റെ യഥാർഥ കാവൽക്കാരാണ് കേരളത്തിലെ മാധ്യമങ്ങൾ. പുതിയ തലമുറയ്ക്ക് വായനാശീലം കുറയുകയാണ്. അവരെ കൂടി വായനക്കാരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ്‌ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. മീഡിയാ വൺ ചീഫ് എഡിറ്റർ സി.എൽ. തോമസ്, ദേശാഭിമാനി അസി. എഡിറ്റർ എ.വി. അനിൽകുമാർ, ഇൻഫർമേഷൻ ആൻഡ് പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. അബ്ദുൽഖാദർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.