mohan

കാസർകോട്: യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ കായിക അദ്ധ്യാപകന് ജീവപര്യന്തം കഠിന തടവ്. ബദിയടുക്ക പഡ്രെയിലെ

ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ബണ്ട്വാൾ കന്യാനയിലെ മോഹൻകുമാർ എന്ന സയനൈഡ് മോഹനെ മംഗളൂരു ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇതിനു പുറമെ 10 വർഷം വരെ തടവും 55,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആരതിയുടെ ആഭരണങ്ങൾ അമ്മയ്ക്ക് കൈമാറാനും നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകാനും ഉത്തരവിട്ടു. 2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെടുന്നത്. ഒരു വിവാഹ ചടങ്ങിനിടെ പരിചയപ്പെട്ട ആരതിയെ വിവാഹ വാഗ്ദാനം നൽകി മോഹൻകുമാർ വരുതിയിലാക്കി.സംഭവ ദിവസം കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്നു പറഞ്ഞ് ആരതി വീട്ടിൽ നിന്നിറങ്ങി. പുത്തൂർ ബസ് സ്റ്റാൻഡിലെത്തിയ ശേഷം അവിടെ നിന്ന് മോഹൻകുമാറിനൊപ്പം മൈസൂരുവിലെത്തി. അവിടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിലേർപ്പെട്ടു. പിറ്റേന്ന് രാവിലെ ആഭരണങ്ങൾ ഹോട്ടൽ മുറിയിൽ തന്ത്രപൂർവം അഴിച്ചുവയ്പ്പിച്ച ശേഷം ആരതിയെയും കൂട്ടി മോഹൻകുമാർ ബസ് സ്റ്റാൻഡിലെത്തുകയും ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞ് സയനൈഡ് ഗുളികയും നൽകി. ഛർദിക്കാൻ സാദ്ധ്യതയുള്ളതിനാൽ ടോയ്ലെറ്റിൽ വച്ച് കഴിക്കാനായിരുന്നു മോഹൻകുമാറിന്റെ നിർദ്ദേശം. തുടർന്ന് ഗുളിക കഴിച്ച ആരതി തത്ക്ഷണം തന്നെ മരിച്ചു. പിന്നീട് മുറിയിലെത്തിയ മോഹൻകുമാർ ആഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു.

മോഹൻകുമാർ കൊന്നത് 20 യുവതികളെ

മൊത്തം 20 യുവതികളെയാണ് മോഹൻകുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. അഞ്ച് കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. ഒരു കേസിൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചെങ്കിലും മറ്റു കേസുകളിൽ ജീവപര്യന്തമാക്കി ചുരുക്കി. സുള്ള്യയ‌‌യിൽ ഹോസ്റ്റൽ ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാറിലെ പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസിൽ മാത്രമാണ് വിധി വരാനുള്ളത്.