flight-

കണ്ണൂർ: അപകടങ്ങൾ പതിയിരിക്കുന്ന ചുറ്റുപാടിനെകുറിച്ചുള്ള ബോധം വിദ്യാർത്ഥികളിലുണ്ടാക്കുന്നതിനായി സ്‌കൂൾ തലം മുതൽ വിദ്യാർഥികൾക്ക് ബോധവൽക്കരണവും ലൈംഗിക വിദ്യാഭ്യാസവും നൽകണമെന്ന് വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ പറഞ്ഞു. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിത കമ്മീഷൻ മെഗാ അദാലത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കുട്ടികൾക്കെതിരെയുള്ള നിരവധി അതിക്രമങ്ങളാണ് ബോധവൽക്കരണങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. പോക്‌സോ കേസുകൾ കൂടിവരികയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.


സ്വത്ത് തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളും ജില്ലയിൽ കൂടിവരികയാണ്. എല്ലാവർക്കും സ്വത്ത് മാത്രമാണ് വേണ്ടത്. ഇതിൽ ആൺപെൺ വ്യത്യാസമില്ല. എന്നാൽ രക്ഷിതാക്കളെ സംരക്ഷിക്കാൻ ഇവരാരും തയ്യാറാകുന്നില്ലെന്നും കമ്മിഷൻ അറിയിച്ചു. 20 മാസം കിടപ്പിലായ അമ്മയെ ശുശ്രൂഷിക്കുകയോ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കുകയോ ചെയ്യാത്ത മകൾ സ്വത്ത് ആവശ്യപ്പെട്ടെത്തിയ പരാതിയും മകന് എഴുതിക്കൊടുത്ത സ്വത്തിന് അവകാശവുമായെത്തിയ മൂന്ന് പെൺമക്കളുടെ പരാതിയും അദാലത്തിൽ പരിഗണിച്ചതായി വനിതാ കമ്മിഷൻ അറിയിച്ചു.


വിവാഹസമയത്തുള്ള സ്വർണവും മറ്റ് സർട്ടിഫിക്കറ്റുകളും തിരിച്ചു കിട്ടിയില്ലെന്ന പരാതി ഇപ്പോൾ കൂടിവരികയാണ്. സർട്ടിഫിക്കറ്റുകൾ പലപ്പോഴും നശിപ്പിക്കപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ സ്വന്തം കൈയിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്നും കമ്മിഷൻ നിർദേശിച്ചു. വിവാഹം കഴിഞ്ഞ് 14 ദിവസത്തിനു ശേഷം ബഹ്‌റൈനിലേക്ക് പോയി തിരികെയെത്താതിരുന്ന തലശ്ശേരിക്കാരനായ യുവാവിനെ എംബസി മുഖാന്തിരം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി. ബിൽഡറായ ഇദ്ദേഹത്തെക്കുറിച്ച് കഴിഞ്ഞ മൂന്നുവർഷമായി വ്യക്തമായ വിവരമൊന്നുമില്ലെന്നാണ് പെൺകുട്ടിയുടെ പരാതിയെന്നും കമ്മിഷൻ വ്യക്തമാക്കി.

23 വർഷമായി പാചകക്കാരിയായി ജോലി ചെയ്തിരുന്ന സ്‌കൂളിൽ നിന്ന് കാരണം കൂടാതെ പിരിച്ചുവിട്ടെന്ന പരാതിയിൽ പി.ടി.എ, ഉച്ചഭക്ഷണ കമ്മിറ്റി എന്നിവരോട് കമ്മീഷനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായും വനിത കമ്മീഷൻ അംഗം അറിയിച്ചു. മട്ടന്നൂർ നഗരസഭയുടെ ജാഗ്രത സമിതിയിൽ നിന്ന് നിർദേശിച്ച കേസും വനിതാ കമ്മീഷൻ പരിഗണിച്ചു.

അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

കേസുകൾ

പരിഗണിച്ചത് 52

തീർപ്പാക്കിയത് 8
റിപ്പോർട്ട് ആവശ്യപ്പെട്ടത് 15

മാറ്റിവച്ചത് 29