കാസർകോട്: കാറിൽ കടത്തുകയായിരുന്ന 43.5 ലക്ഷം രൂപയുടെ നിരോധിച്ച 500 രൂപ നോട്ടുകളുമായി ഒരാൾ പൊലീസ് പിടിയിലായി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. ബദിയടുക്ക പെർള സ്വദേശി മുഹമ്മദി (67)നെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കാസർകോട് സി.ഐ സി.എ അബ്ദുൽറഹീം, എസ്.ഐ പി. നളിനാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി കാസർകോട് ഗവ. കോളേജിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നിരോധിച്ച നോട്ടുകൾ കടത്തുകയായിരുന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ പിടികൂടിയത്.
കാറിലുണ്ടായിരുന്ന മുഹമ്മദിനെ പൊലീസ് പിടികൂടിയെങ്കിലും സംഘത്തിലെ രണ്ടുപേർ പൊലീസിനെ വെട്ടിച്ച് മറ്റൊരു കാറിൽ കടന്നുകളയുകയായിരുന്നു. ഇവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കാസർകോട് സി.ഐക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നോട്ടുകൾ കൈമാറാനുള്ള ശ്രമത്തിനിടെയാണ് സംഘത്തിലെ ഒരാൾ പിടിയിലായത്. നിരോധിച്ച നോട്ടുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.