കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിന്റെ ജഡം കടൽ ഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിൽ കണ്ട സംഭവം അരും കൊലയെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കണ്ണൂർ സിറ്റി തയ്യിൽ കടപ്പുറത്ത് കൊടുവള്ളി ഹൗസിൽ ശരണ്യയെ (24) കണ്ണൂർ ടൗൺ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ട് അറസ്റ്റുചെയ്തു. ഇവരുടെ മകൻ വിയാനാണ് (ഒന്നര) കൊല്ലപ്പെട്ടത്.
കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.
പ്രണവിനും ശരണ്യയ്ക്കും ഒപ്പം കിടന്ന കുഞ്ഞിനെ തിങ്കളാഴ്ച രാവിലെയാണ് തയ്യിൽ കടപ്പുറത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്. വല്ലപ്പോഴും മാത്രം വീട്ടിൽ വരാറുള്ള ഭർത്താവിനെ കുറ്റക്കാരനാക്കി രക്ഷപ്പെടാനുള്ള നീക്കത്തിനിടെയാണ് ശരണ്യ പിടിയിലാകുന്നത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ വസ്ത്രങ്ങൾ പരിശോധിച്ച ഫോറൻസിക് സംഘം ഉപ്പിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ ആദ്യത്തെ ചോദ്യം ചെയ്യലിൽ ശരണ്യ കുറ്റം സമ്മതിച്ചിരുന്നില്ല.
പല ദിവസങ്ങളിലായി പദ്ധതിയിട്ട് കാത്തിരുന്നു
കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു.
ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിതാവിന് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ശരണ്യയുടെ കാമുകനും കൊല നടന്ന വിവരം അറിഞ്ഞിരുന്നില്ല. ഇതിനു ശേഷം ശരണ്യ പറഞ്ഞപ്പോഴാണ് കാമുകനും ഈ വിവരം അറിഞ്ഞത്.
രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് പ്രണവ് തിങ്കളാഴ്ച കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. നെറ്റിയിലും കൈയിലും മുറിവുകളുണ്ടായിരുന്നു.
സംശയമുന ആദ്യമേ അമ്മയിലേക്ക്
രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞ് അവരറിയാതെ എവിടെയും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യം മുതൽ അന്വേഷണ ഉദ്യോഗസ്ഥർ. കൊലയ്ക്കു പിന്നിൽ ഭർത്താവാണെന്ന് ശരണ്യയും ശരണ്യയാകാം കൊലപ്പെടുത്തിയതെന്ന് പ്രണവും പൊലീസിനോടു പറഞ്ഞത് പൊലീസിനെ കുഴപ്പിച്ചു. ശരണ്യയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് സംശയം ആ നിലയിലേക്ക് നീളാൻ കാരണമായത്. കുഞ്ഞ് മാതാപിതാക്കളോടൊപ്പം കിടന്ന ബെഡ്ഷീറ്റ്, രാത്രി വെള്ളം കുടിച്ച പാൽക്കുപ്പി എന്നിവയിൽ അസ്വാഭാവികമായ അടയാളങ്ങളോ വസ്തുക്കളോ ഉണ്ടോയെന്നും പരിശോധിച്ചിരുന്നു.