ഇരിട്ടി: ഇരിട്ടി നഗരത്തിൽ നവീകരണത്തിന്റെ ഭാഗമായി നടപ്പാതയിൽ സ്ഥാപിച്ച കൈവേലി മുറിച്ചു മാറ്റി. മേലേ സ്റ്റാൻഡിൽ പാലത്തിനു സമീപം ഒരു വ്യാപാര സ്ഥാപനത്തിലേക്ക് വഴി തുറക്കാനെന്ന നിലയിലാണ് കെ.എസ്.ടി.പി അധികൃതർ സ്ഥാപിച്ച കൈവേലി 2 മീറ്ററിലധികം നീളത്തിൽ മുറിച്ചു നീക്കിയത്. തലേന്ന് രാത്രി വരെ ഉണ്ടായിരുന്ന കൈവേലി ചൊവ്വാഴ്ച രാവിലെ കാണാതായതോടെ ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഉൾപ്പെടെയുള്ള പ്രതിഷേധം ഉയർത്തി. എസ്.ഐ ദിനേശൻ കൊതേരി ബന്ധപ്പെട്ടപ്പോൾ കെ.എസ്.ടി.പി അനുമതിയോടെയാണ് കൈവേലി മുറിച്ചതെന്നായിരുന്നു ആരോപണ വിധേയരുടെ പ്രതികരണം. ഇതേസമയം കൈവേലി മുറിച്ചു നീക്കാൻ ആരും അപേക്ഷിക്കുകയോ അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്ന് അസി. എൻജിനിയർ കെ.വി സതീശനും കൺസൽട്ടൻസി കമ്പനി റസിഡന്റ് എൻജിനീയർ പി.എൻ ശശികുമാറും വ്യക്തമാക്കി.
തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പട്ടണത്തിൽ മാത്രം 15 കോടി രൂപയുടെ വികസനങ്ങളാണ് നടക്കുന്നത്. കയ്യേറ്റം പൊളിച്ച് ഓവുചാൽ പണിയുകയും അതിനു മുകളിലൂടെ സ്ലാബിട്ട് തറയോട് വിരിച്ച് മനോഹരമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് നടപ്പാതയ്ക്ക് സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുന്ന നിലയിൽ കൈവേലി സ്ഥാപിച്ചത്. കർശന നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുമെന്ന് ഇരിട്ടി നഗരസഭാ കൗൺസിലർ പി. രഘു, ടൗൺ ചുമട്ടു തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) സെക്രട്ടറി പി. അശോകനും അറിയിച്ചു.

പടം

ഇരിട്ടി ടൗണിൽ സ്ഥാപിച്ച കൈവേലി മുറിച്ചു മാറ്റിയ നിലയിൽ