കൊട്ടിയൂർ: അമ്പായത്തോട് പാൽച്ചുരം ബോയ്‌സ് ടൗൺ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് യന്ത്രത്തകരാർ മൂലം കുടുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ബസ് റോഡിൽ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് മാനന്തവാടി-പയ്യാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയിലെ ബസ് ചെകുത്താൻതോടിന് സമീപം കുടുങ്ങിയത്. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് മാനന്തവാടി ഡിപ്പോയിൽ നിന്ന് ടെക്‌നീഷ്യന്മാരെത്തി ബസിന്റെ തകരാർ ഭാഗികമായി പരിഹരിച്ച ശേഷമാണ് ബസ് റോഡിൽ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

നൂറുകണക്കിന് വാഹനങ്ങൾ ചുരം റോഡിൽ കുടുങ്ങി. മാനന്തവാടിയിൽ നിന്നും നിരവധിയാളുകളാണ് കണ്ണൂർ വിമാനത്താവളത്തിലേക്കുൾപ്പെടെയുള്ള യാത്രയ്ക്കായി ഈ അന്തർ സംസ്ഥാന പാതയെ ആശ്രയിക്കുന്നത്. ഇതിന് മുമ്പും ബസുകൾ ചുരത്തിൽ കുടുങ്ങിയിട്ടുണ്ട്. പഴയ ബസുകൾ പ്രശ്നമുണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇരു പ്രളയത്തെത്തുടർന്ന് റോഡിന്റെ അരികു ഭിത്തിയിടിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതും വീതി കുറഞ്ഞതുമായ ചുരം പാതയിലൂടെയുള്ള യാത്രയും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യന്ത്രത്തകരാർ മൂലം ബസുകൾ അപകടത്തിലാവുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചുരമിറങ്ങി വരികയായിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മതിലിലിടിച്ച് നിർത്തിയാണ് അപകടം ഒഴിവാക്കിയത്. മുപ്പതിലധികം ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. മിക്കതിലും നിറയെ യാത്രക്കാരും ഉണ്ടാവും. ധാരാളം യാത്രക്കാരുള്ള ഈ റൂട്ടിൽ സർവീസ് നടത്താൻ ഗുണനിലവാരമുള്ള ബസുകൾ തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പടം:

പാൽച്ചുരം ചെകുത്താൻതോടിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയതിനെ തുടർന്നുണ്ടായ ഗതാഗത തടസം